18 ലക്ഷത്തിന്റെ ബൈക്ക്, രണ്ട് കാറുകള്‍; മരുമകന് മുഖ്യമന്ത്രിയെക്കാള്‍ അഞ്ച് മടങ്ങ് സ്വത്ത്

ഇംഫാൽ: മണിപ്പുർ മുഖ്യമന്ത്രി ബീരേൻ സിങ്ങിനെക്കാൾ അഞ്ച് മടങ്ങ് സ്വത്തിന് ഉടമയാണ് മരുമകൻ ആർ.കെ ഇമോ സിങ് എന്ന് രേഖകൾ. നാമനിർദ്ദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമായത്. സഗോൽബാദ് മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന ഇമോ സിങ്ങിന് 5.10 കോടി രൂപയുടെ സ്വത്തുവകകളുണ്ട്.
ബീരേൻ സിങ്ങിന്റെ പേരിൽ 1.08 കോടിയുടെ സ്വത്താണുള്ളത്. ഇമോ സിങ്ങിന്റെ കൈവശം പണമായി 2.16 ലക്ഷം രൂപയും ഏഴ് ബാങ്ക് അക്കൗണ്ടുകളിലായി 37 ലക്ഷം രൂപയുമുണ്ട്. ആറര ലക്ഷം രൂപയുടെ മാരുതി ജിപ്സി, 16.68 ലക്ഷം രൂപയുടെ സ്കോർപ്പിയോ എന്നിങ്ങനെ രണ്ട് കാറുകളും ഇമോ സിങ്ങിന്റെ പേരിലുണ്ട്. ഇതിന് പുറമേ 18.38 ലക്ഷത്തിന്റെ ഹാർലി ഡേവിഡ്സൺ ബൈക്കുമുണ്ട്.
രണ്ട് തോക്കുകളും ഇമോ സിങ്ങിന് സ്വന്തമായി ഉണ്ട്. ഭാര്യയും മുഖ്യമന്ത്രി ബീരൻ സിങ്ങിന്റെ മകളുമായ അഞ്ജുബാല തോങ്തോങ്ബാമിന്റെ പേരിൽ 2.13 കോടി രൂപയുടെ സ്വത്തുക്കളുണ്ട്. 15 ലക്ഷം രൂപയുടെ വസ്തുവകകൾ സ്വന്തമായി വാങ്ങിയിട്ടുണ്ട് ഇമോ സിങ്.
പാരമ്പര്യസ്വത്തായി ലഭിച്ചിട്ടുള്ളത് 1.37 കോടിയാണ് കൈവശമുള്ളത്. വിവിധ ബാങ്ക് ലോണുകളിലായി 44.36 ലക്ഷം രൂപയുടെ ബാധ്യതകളുമുണ്ട് മുഖ്യമന്ത്രിയുടെ മരുമകന്. അതേസമയം ഇമോ സിങ്ങിന്റെ പേരിൽ ഒരു ക്രിമിനൽ കേസും രജിസ്റ്റർ ചെയ്തിട്ടില്ല.

