ദാഹജലം പോലും കിട്ടാതെ മലയിടുക്കിൽ മകൻ; താഴെ മനമുരുകി അമ്മ

പാലക്കാട്: “എന്റെ മകൻ ഒരുതുള്ളി വെള്ളംകുടിച്ചിട്ട് നേരത്തോടുനേരം പിന്നിട്ടു. അവൻ എന്തുചെയ്യുന്നുണ്ടാവുമോ എന്തോ. അപകടമൊന്നും വരുത്തരുതേ” -മലയടിവാരത്തിലെ പൊള്ളുന്ന വെയിലുപോലുമറിയാതെ മനമുരുകി പ്രാർഥിക്കുകയായിരുന്നു റഷീദ. ചൊവ്വാഴ്ച വൈകുന്നേരംവരെയും പ്രതീക്ഷയോടെ, പ്രാർഥനയോടെ മലമുകളിലേക്ക് നോക്കിയിരുന്നു അവർ.
മലമ്പുഴ ചെറാട് കൂർമ്പാച്ചിമലയുടെ മുകളിൽ അപകടത്തിൽപ്പെട്ട ബാബുവിന്റെ ഉമ്മ റഷീദ മകന്റെ വിവരമറിയാനുള്ള ആധിയോടെ ചൊവ്വാഴ്ച പകൽമുഴുവൻ മലയടിവാരത്തിൽ വന്നിരിപ്പായിരുന്നു. ഒടുവിൽ, കളക്ടർ മൃൺമയിജോഷിയുടെ അഭ്യർഥനപ്രകാരമാണ് വൈകീട്ട് വീട്ടിലേക്ക് മടങ്ങിയത്.
“ബാബു മലയിൽക്കുടുങ്ങിയ വിവരം തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് അറിഞ്ഞത്. അവൻ വീട്ടിലേക്ക് ഫോണിൽവിളിച്ച് പറയുകയായിരുന്നു. ഞാൻ വിഷമംകൊണ്ട് കരഞ്ഞപ്പോൾ, എന്തിനാണ് കരയുന്നതെന്ന് ചോദിച്ച് അവൻ ദേഷ്യപ്പെട്ടു. പിന്നെ, കുഴപ്പമൊന്നും ഇല്ലെന്നുപറഞ്ഞ് ഫോൺവെച്ചു. വൈകീട്ട് ഏഴരവരെയും വിളിച്ചിരുന്നെങ്കിലും പിന്നീട് ഫോൺ കിട്ടാതായി” -റഷീദ പറഞ്ഞു.
ഹെലിക്കോപ്റ്റർ രക്ഷാപ്രവർത്തനത്തിനിടെ അവൻ ഷർട്ടൂരി വീശിക്കാണിച്ചതായി പോലീസുകാർ പറയുന്നു. ജീവനുണ്ടെന്ന് അറിയുന്നത് ആശ്വാസമാണ്. അവൻ എന്തിനാണ് മലയിലേക്ക് പോയതെന്ന് അറ്ിയില്ല. എന്തിന് പോയതാണെങ്കിലും ആരോടും പറയാതെ പോയത് തെറ്റാണ്. പക്ഷേ, എനിക്കെന്റെ മകനെ തിരിച്ചുകിട്ടിയേപറ്റൂ. ഒരുനാട് മുഴുവൻ രക്ഷാപ്രവർത്തനത്തിന് കൂടെയുണ്ടെന്ന് അറിയുന്നതിൽ സന്തോഷം -റഷീദ പറഞ്ഞു.

