KSDLIVENEWS

Real news for everyone

ജർമൻ ചാൻസലർ ഇന്ന് മോസ്കോയിൽ; റഷ്യക്കു ജി7 രാജ്യങ്ങളുടെ മുന്നറിയിപ്പ്

SHARE THIS ON

മോസ്കോ ∙ യുക്രെയ്നിൽ യുദ്ധമുണ്ടാകുന്നതു തടയാനുള്ള നയതന്ത്ര നീക്കങ്ങൾ ഇതുവരെ ഫലം കണ്ടില്ല. ഇതിനിടെ, യുക്രെയ്നിൽ ഇനി ഏതു തരത്തിലുള്ള അക്രമം നടത്തിയാലും റഷ്യയ്ക്കെതിരെ തൽക്ഷണം വൻതോതിലുള്ള സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്നും യുക്രെയ്നിന് ഉടൻ സഹായമെത്തിക്കുമെന്നും ജി7 രാജ്യങ്ങൾ മുന്നറിയിപ്പ് നൽകി. ജപ്പാൻ അടക്കം ലോകത്തിലെ 7 വികസിതരാജ്യങ്ങളുടെ കൂട്ടായ്മയാണു ജി7.

ഇന്നലെ യുക്രെയ്ൻ തലസ്ഥാനമായ കീവിലെത്തി ചർച്ച നടത്തിയ ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് ഇന്നു മോസ്കോയിലെത്തി പ്രസിഡന്റ് വ്ലാഡിമിർ പുടിനെ കാണും. യുക്രെയ്ന്റെ 3 വശത്തും ഒരുലക്ഷത്തിലേറെ സൈനികരെ നിയോഗിച്ചിട്ടുള്ള റഷ്യയുടെ നിലപാടിൽ ഇതുവരെ മാറ്റം വന്നിട്ടില്ല. ബെലാറൂസ് അതിർത്തിയിലെ സൈനികാഭ്യാസവും കരിങ്കടലിലെ നാവികാഭ്യാസവും റഷ്യ തുടരുന്നു.

ഇതിനിടെ, ജർമനിയുടെ സേനാവിമാനം 70 സൈനികരുമായി ലിത്വാനിയയിൽ എത്തി. 310 പേർ കൂടി ഇനി എത്തും. ലിത്വാനിയ അടക്കമുള്ള സമീപ രാജ്യങ്ങളിൽ 5000 നാറ്റോ സൈനികരാണ് നിലവിലുള്ളത്. റഷ്യയിലെയും യൂറോപ്യൻ രാജ്യങ്ങളിലെയും ഓഹരിക്കമ്പോളങ്ങളിൽ വീണ്ടും ഇടിവുണ്ടായി. 9 വർഷത്തെ ഉയർന്ന വിലയിൽ എണ്ണ എത്തി. ‌

നാറ്റോയിൽ ചേരുന്ന കാര്യം പുനഃപരിശോധിക്കാമെന്നു യുകെയിലെ യുക്രെയ്ൻ അംബാസഡർ പ്രിസ്റ്റായികോ പറഞ്ഞതായി നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും നാറ്റോ വിഷയത്തിലൊഴികെ മറ്റേതു കാര്യത്തിലും പുനഃപരിശോധനയാകാമെന്നാണു പറഞ്ഞതെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കി.

നാറ്റോയിൽ ചേരില്ലെന്ന് യുക്രെയ്ൻ പരസ്യമായി സമ്മതിച്ചാൽ തന്നെ റഷ്യയുടെ ആശങ്ക പരിഹരിക്കുന്നതിന് മതിയായ നടപടിയാകുമെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. യുക്രെയ്നിന് ആയുധ സഹായവും സൈനിക പരിശീലനവും നൽകുന്നത് തങ്ങളുടെ സുരക്ഷയ്ക്കു ഭീഷണിയാണെന്നാണ് റഷ്യൻ വാദം. യുക്രെയ്നിനു നൽകുന്ന സൈനികസഹായവും നിർത്തിവയ്ക്കണമെന്നതാണ് റഷ്യയുടെ ആവശ്യം. യുക്രെയ്നിലെ എംബസി ജീവനക്കാരടക്കം തങ്ങളുടെ പൗരന്മാരോടു രാജ്യം വിട്ടുപോരാൻ പല വിദേശരാജ്യങ്ങളും നിർദേശം നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!