KSDLIVENEWS

Real news for everyone

ചരക്കുകപ്പലിന് തീപ്പിടിച്ചു; കപ്പലില്‍ ആയിരക്കണക്കിന് ഔഡി, പോര്‍ഷെ, ലംബോര്‍ഗിനി കാറുകള്‍

SHARE THIS ON

ആയിരക്കണക്കിന് ആഡംബര കാറുകളേയും വഹിച്ച് കടലിൽ ഒഴുകുന്നൊരു തീപിടിച്ച ഭീമൻ ചരക്ക് കപ്പൽ. സിനിമയിലെ സീനല്ല, യഥാർഥ സംഭവമാണ്. ഫോക്സ്വാഗൺ ഉൾപ്പെടെയുള്ള വാഹനനിർമാതാക്കളുടെ ആയിരക്കണക്കിന് വാഹനങ്ങളുമായി ‘ദി ഫെലിസിറ്റ് ഏസ്’ എന്ന പനാമ ചരക്കുക്കപ്പലാണ് അറ്റ്ലാന്റിക് സമുദ്രത്തിലെ അസോർസ് ദ്വീപിന് സമീപം കുടുങ്ങിയിരിക്കുന്നത്.

തീപിടിച്ചതിനെ തുടർന്ന് കപ്പലിലുണ്ടായിരുന്ന 22 ക്രൂ അംഗങ്ങളെ സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. പോർച്ചുഗീസ് നാവികസേനയുടേയും വ്യാമസേനയുടേയും സഹായത്തോടെയാണ് ഇവരെ രക്ഷപ്പെടുത്തിയത്. എന്നാൽ ഉപേക്ഷിച്ചനിലയിലുള്ള കപ്പൽ കടലിലൂടെ ഒഴുകുകയാണ്. കപ്പലിന് തീപിടിച്ചതായുള്ള ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഔഡി, പോർഷെ, ലംബോർഗിനി തുടങ്ങിയ ആഡംബര വാഹനങ്ങൾ കാറിലുണ്ടായിരുന്നുവെന്നാണ് ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.


കപ്പലിൽ തങ്ങളുടെ 3965 കാറുകൾ ഉള്ളതായി ഫോക്സ്വാഗൺ കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. കപ്പലിലുണ്ടായിരുന്ന കാറുകളിൽ നൂറിലധികം കാറുകൾ ടെക്സാസിലെ ഹൂസ്റ്റണിലേക്ക് കൊണ്ടുപോവുകയായിരുന്നു. തീപിടിച്ച് അപകടത്തിൽപ്പെട്ട സമയത്ത് 1100ഓളം പോർഷേ കാറുകൾ കപ്പലിൽ ഉണ്ടായിരുന്നുവെന്നാണ് അധികൃതർ വ്യക്തമാക്കിയത്.

കപ്പലിൽ തീപിടുത്തം ഉണ്ടായതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അപകടം ഉണ്ടായതോടെ ബുക്ക് ചെയ്ത വാഹനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്താൻ വൈകുമെന്ന് വാഹന നിർമാണ കമ്പനികൾ അറിയിച്ചു.വാഹനങ്ങൾ നഷ്ടപ്പെടുന്നതിലും അധികം കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തുന്നതിനാണ് തങ്ങൾ മുൻതൂക്കം നൽകിയിരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം കപ്പലിലുള്ള കാറുകളുടെ എണ്ണത്തെ കുറിച്ച് പ്രതികരിക്കാൻ ലംബോർഗിനി അധികൃതർ തയ്യാറായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!