റുമാനിയ, ഹംഗറി അതിര്‍ത്തികള്‍ വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കും; പണവും പാസ്‌പോര്‍ട്ടും കൈയില്‍ കരുതണം

കീവ്: യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ റുമാനിയ, ഹംഗറി അതിര്‍ത്തികള്‍ വഴി ഒഴിപ്പിക്കാന്‍ ശ്രമം. ഇരുരാജ്യങ്ങളിലേയും അതിര്‍ത്തികളിലൂടെ ഒഴിപ്പിക്കല്‍ നടപടികള്‍ക്കുള്ള ശ്രമം ആരംഭിച്ചതായി ബുഡാപെസ്റ്റിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
ഹംഗേറിയന്‍ അതിര്‍ത്തിയായ ചോപ്പ്-സഹോനി, റൊമേനിയന്‍ അതിര്‍ത്തിയായ പൊറുബെന്‍-സീറെറ്റ് എന്നീ ചെക്ക്‌പോയന്റുകള്‍ വഴി ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനാണ് നീക്കം. ആദ്യ ഘട്ടത്തില്‍ പ്രധാനമായും
ഈ അതിര്‍ത്തികള്‍ക്ക് സമീപമുള്ള വിദ്യാര്‍ഥികളെയാണ് ഒഴിപ്പിക്കുക. കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ അറിയിക്കാനും എംബസി നിര്‍ദേശം നല്‍കി.
അതിര്‍ത്തിയിലേക്ക് വരുന്ന ഇന്ത്യക്കാര്‍ അവശ്യ ചിലവുകള്‍ക്കുള്ള പണം (യുഎസ് ഡോളര്‍), പാസ്‌പോര്‍ട്ട്, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവ കൈയില്‍ കരുതണം. ഒഴിപ്പിക്കല്‍ നടപടി പ്രവര്‍ത്തനക്ഷമമായാല്‍ ഇന്ത്യക്കാര്‍ സ്വന്തം നിലയില്‍ ഗതാഗത സംവിധാനം ഒരുക്കി അതിര്‍ത്തികളിലേക്ക് എത്തണം. യാത്ര ചെയ്യുന്ന വാഹനത്തില്‍ ഇന്ത്യന്‍ പതാക പതിക്കണമെന്നും എംബസി നിര്‍ദേശിച്ചിട്ടുണ്ട്.

