യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന തമിഴ് വിദ്യാര്‍ത്ഥികളെ സ്വന്തം ചെലവില്‍ നാട്ടിലെത്തിക്കും; പ്രഖ്യാപനവുമായി സ്റ്റാലിന്‍

യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന തമിഴ്‌നാട്ടില്‍നിന്നുള്ള വിദ്യാര്‍ത്ഥികളെ സ്വന്തം ചെലവില്‍ തിരിച്ചെത്തിക്കുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ വിദ്യാര്‍ത്ഥികളടങ്ങുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഊര്‍ജിതമായി നടക്കുന്നതിനിടെയാണ് തമിഴ്‌നാട് ഭരണകൂടത്തിന്റെ പ്രഖ്യാപനം.
തമിഴ്‌നാട്ടില്‍നിന്നുള്ള 5,000ത്തോളം വിദ്യാര്‍ത്ഥികളും മറ്റ് കുടിയേറ്റക്കാരുമാണ് നിലവില്‍ യുക്രൈനിലുള്ളതെന്നാണ് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന് അയച്ച കത്തില്‍ സ്റ്റാലിന്‍ പറഞ്ഞത്. ഇവരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് കത്തില്‍ സ്റ്റാലിന്‍ ആവശ്യപ്പെട്ടു. നാട്ടിലെത്തിക്കുന്ന നടപടികള്‍ കൈകാര്യം ചെയ്യാന്‍ ഒരു നോഡല്‍ ഓഫീസറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടതായും ട്വിറ്ററിലൂടെ അദ്ദേഹം സൂചിപ്പിച്ചു.
യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന നാട്ടുകാരെ സഹായിക്കാനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌കും തമിഴ്‌നാട് സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഇവരെ നാട്ടിലെത്തിക്കുന്ന കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനായി സംസ്ഥാനാടിസ്ഥാനത്തില്‍ ഒരു നോഡല്‍ ഓഫീസറെ നിയമിച്ചിട്ടുമുണ്ട്.
അതേസമയം, ആശ്വാസമായി ഇന്ത്യന്‍ സംഘത്തെ യുക്രൈനില്‍നിന്ന് പുറത്തെത്തിച്ചു തുടങ്ങിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളടക്കമുള്ള സംഘത്തെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ മീഡിയവണ്‍ പുറത്തുവിട്ടു. ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാറും പ്രഖ്യാപിച്ചിട്ടുണ്ട്.
ആയിരക്കണക്കിനു മലയാളികളടക്കം 20,000ത്തോളം ഇന്ത്യക്കാരാണ് യുക്രൈനില്‍ കഴിയുന്നത്. വിദ്യാര്‍ത്ഥികളടക്കം എല്ലാവരെയും നാട്ടില്‍ തിരിച്ചെത്തിക്കുമെന്നാണ് കഴിഞ്ഞ ദിവസം വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ അറിയിച്ചത്. ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള സാധ്യമായ എല്ലാ മാര്‍ഗങ്ങളും അവലംബിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുക്രൈനില്‍ സംഘര്‍ഷം രൂക്ഷമായതിനു പിന്നാലെ 4,000ത്തോളം പേര്‍ രാജ്യത്ത് തിരിച്ചെത്തിയിട്ടുണ്ടെന്നാണ് കണക്ക്. ഇന്ന് യുക്രൈനിലെ സുമി നഗരം റഷ്യന്‍സേന നിയന്ത്രണത്തിലാക്കിയതിനു പിന്നാലെ 400നടുത്ത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ബങ്കറുകളില്‍ അഭയംതേടിയിരിക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. എത്രയും പെട്ടെന്ന് തങ്ങളെ രക്ഷിക്കണമെന്നാണ് ഇവിടെനിന്ന് സമൂഹമാധ്യമങ്ങള്‍ വഴി വിഡിയോകളിലൂടെ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത്.
റഷ്യന്‍ സൈനികനടപടിക്കു പിന്നാലെ യുക്രൈന്‍ തങ്ങളുടെ വ്യോമപാത അടച്ചിട്ടിരുന്നു. വിമാനത്താവളങ്ങളും പൂര്‍ണമായി പ്രവര്‍ത്തനം നിര്‍ത്തിവച്ചിട്ടുണ്ട്. ഇതോടെ മറ്റു മാര്‍ഗങ്ങളിലൂടെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് ശ്രമം നടക്കുന്നത്. റൊമാനിയ, ഹംഗറി, പോളണ്ട്, സ്ലോവാക്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് കരമാര്‍ഗം ഇന്ത്യക്കാരെ എത്തിക്കാനുള്ള ശ്രമമാണ് ഊര്‍ജിതമായി നടക്കുന്നത്.

