ഇന്ത്യക്കാര്‍ ആരും ഇനി യുക്രൈനിലില്ല; 20,000-ത്തിലധികം പേരെ ഒഴിപ്പിച്ചു; ദൗത്യം അവസാനഘട്ടത്തില്‍

സുമിയില്‍ ഉള്ളവര്‍കൂടി നാട്ടിലെത്തുന്നതോടെ ഓപ്പറേഷന്‍ ഗംഗ അവസാനിക്കും യുദ്ധഭൂമിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ കഷ്ടപ്പെട്ടുവെന്നത് വസ്തുതയാണെന്ന് വിദേശകാര്യ സഹമന്ത്രി ന്യൂഡല്‍ഹി: യുക്രൈനിലെ യുദ്ധഭൂമിയില്‍ നിന്ന് 20000ത്തിലധികം ആളുകളെ സുരക്ഷിതയമായി ഒഴിപ്പിച്ച് ഇന്ത്യയിലെത്തിക്കാന്‍ സാധിച്ചുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. സുമിയില്‍ കുടുങ്ങിയിരുന്ന മുഴുവന്‍ വിദ്യാര്‍ഥികളും ഏതാനം മണിക്കൂറുകള്‍ക്കകം തീവണ്ടിയില്‍ ലിവീവിലെത്തും. ഇതിനുശേഷം എല്ലാവരേയും എത്രയും വേഗത്തില്‍ നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പുകള്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സുമിയില്‍ നിന്നുള്ളവര്‍കൂടി നാട്ടിലെത്തുന്നതോടെ ഓപ്പറേഷന്‍ ഗംഗ അവസാനിക്കും. യുദ്ധഭൂമിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ കഷ്ടപ്പെട്ടുവെന്നത് വസ്തുതയാണ്. എന്നാല്‍ അവരുടെയെല്ലാം സുരക്ഷയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍ ഏറ്റവും പ്രാധാന്യം നല്‍കിയത്. സുരക്ഷ ഉറപ്പുവരുത്താന്‍ ഇന്ത്യയുടെ നയതന്ത്ര ശേഷിക്ക് സാധ്യമായി. ഇതാദ്യമായല്ല രാജ്യത്തിന്റെ നയതന്ത്ര ശേഷി പ്രകടമാകുന്നത്. മുമ്പ് ഇറാഖിലെ യുദ്ധഭൂമിയില്‍ നിന്ന് ഇതേ സാഹചര്യത്തില്‍ മലയാളികള്‍ അടക്കമുള്ള നഴ്‌സുമാരെ ഇന്ത്യയുടെ നയതന്ത്ര ശേഷിയിലൂടെ തിരികെയെത്തിക്കാന്‍ സാധിച്ചിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. രക്ഷാദൗത്യത്തിനിടെ പലതരത്തിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. വിമര്‍ശനങ്ങള്‍ ഒരുവശത്ത് നടക്കുമ്പോഴും സുരക്ഷാദൗത്യം ഒരുതരത്തിലുള്ള മാറ്റങ്ങളുമില്ലാതെ കൃത്യമായി മുന്നേറി. യുദ്ധം ശക്തമായതോടെ യുക്രൈനില്‍ നിന്ന് തിരിച്ചുവരാനായി രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 20000ത്തില്‍ താഴെയായിരുന്നുവെങ്കിലും 20000ത്തിലധികം പേരെ യുക്രൈനില്‍ നിന്ന് ഒഴിപ്പിച്ച് നാട്ടിലെത്തിക്കാന്‍ സാധിച്ചുവെന്നും മന്ത്രി വ്യക്തമാക്കി

