KSDLIVENEWS

Real news for everyone

ഗോവ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ റിസോര്‍ട്ടില്‍; ഭരണം നേടുമെന്ന് കോണ്‍ഗ്രസ്, നില നിര്‍ത്താന്‍ ബിജെപി

SHARE THIS ON

ഗോവ: ഫലം അറിയാന്‍ (results)കുറച്ച്‌ സമയം മാത്രം ബാക്കി നില്‍ക്കെ ഗോവയില്‍ (goa)കോണ്‍ഗ്രസ് (congress)നേതൃത്വം പാര്‍ട്ടി സ്ഥാനാര്‍ഥികളില്‍ (candidates)പിടിമുറുക്കുകയാണ് . മുന്‍കാല ചരിത്രം ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്നൊരുക്കമാണിത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ദക്ഷിണ ഗോവയിലെ റിസോര്‍ട്ടിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം വടക്കന്‍ ഗോവയിലെ ഒരു റിസോര്‍ട്ടിലായിരുന്നു സ്ഥാനാര്‍ഥികള്‍. ഇവരെ നിയന്ത്രിക്കാനും ഏറ്റവും വലിയ ഒറ്റകക്ഷിയാല്‍ ഭരണത്തിലേറാനുമുള്ള നടപടികള്‍ ഏകോപിപ്പിക്കാന്‍ ഹൈക്കമാണ്ട് ഒരു സംഘത്തെ ഗോവയിലേക്ക് അയച്ചിരുന്നു. കര്‍ണാടകയിലെ ഡി കെ ശിവകുമാറിനേയും ആറംഗ സംഘത്തേയുമാണ് ഗോവയിലെ കോണ്‍ഗ്രസിനെ നിയന്ത്രിക്കാന്‍ ഹൈക്കമാണ്ട് രംഗത്തിറക്കിയത്

2017ലെ തെരെഞ്ഞെടുപ്പില്‍ ആകെയുള്ള 40 സീറ്റില്‍ 17 സീറ്റ് നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി ആയിരുന്നു. എന്നാല്‍ ചെറു പാര്‍ട്ടികളുടെ അടക്കം പിന്തുണ നേടാന്‍ ആകാതെ വന്നതോടെ 13 സീറ്റ് നേടിയ ബി ജെ പി അവിടെ സര്‍ക്കാര്‍ ഉണ്ടാക്കി. അതിനുശേഷം രണ്ട് വര്‍ഷം കഴിഞ്ഞ് കോണ്‍ഗ്രസിലെ 15 എം എല്‍ എമാര്‍ ബി ജെ പിയില്‍ ചേരുകയും ചെയ്തു. ഇതോടെ ഭരണം ബി ജെ പിക്ക് എളുപ്പമായി. ഇത്തവണ ഇതൊഴിവാക്കാനാണ് കോണ്‍ഗ്രസ് അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുന്നത്

ഈ സാഹചര്യം മുന്നിലുള്ളതുകൊണ്ടാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കു മേല്‍ നിയന്ത്രണം കടുപ്പിച്ചത്. കൂറുമാറ്റം ഉണ്ടാകില്ലെന്ന് ഉറപ്പാക്കാന്‍ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ തലേ ദിവസം തന്നെ സ്ഥാനാര്‍ഥികളെ റിസോര്‍ട്ടുകളിലേക്ക് മാറ്റി. തെരഞ്ഞെടുപ്പിന് ശേഷം ഏറ്റവും വലിയ ഒറ്റ കക്ഷി ആയാല്‍ മറ്റ് ചെറുകക്ഷികളുടെ പിന്തുണ അടക്കം തേടി സര്‍ക്കാര്‍ ഉണ്ടാക്കിയ ശേഷമേ ഡി കെ ശിവകുമാറും സംഘവും മടങ്ങുകയുള്ളൂ.

ഗോവയിലെ ജനങ്ങളില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും വ്യക്തമായി വിജയം പാര്‍ട്ടിക്ക് നല്‍കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം പ്രതികരിച്ചു . സര്‍ക്കാരുണ്ടാക്കുമെന്നാണ് ഡി കെ ശിവകുമാറും അവകാശപ്പെടുന്നത്. ആം ആദ്മി പാര്‍ട്ടി അടക്കമുള്ള കക്ഷികളുമായി ഹൈക്കമാണ്ട് നിയോഗിച്ച നേതൃത്വം ചര്‍ച്ച നടത്തുന്നുണ്ട്.

കഴിഞ്ഞ തവണ 13 സീറ്റ് നേടിയ ബിജെപി ഇത്തവണ നിലപാട് മെച്ചപ്പെടുത്തിയേക്കുമെന്ന പ്രതീക്ഷയിലാണ്. ഭരണ വിരുദ്ധ വികാരം ബി ജെ പി നേരിടുന്ന വെല്ലുവിളി ആണ് . മുന്‍ മുഖ്യമന്ത്രിയും അന്തരിച്ച നേതാവുമായ മനോഹര്‍ പരീക്കരിന്റെ മകന്‍ ഉത്പല്‍ പരീക്കറിന്റെ വിമത സ്ഥാനാര്‍ഥിത്വവും ബി ജെ പിക്ക് തലവേദനയാണ്.ന്യൂനപക്ഷ വോട്ടുകള്‍ തിരിച്ചടിയാകുമെന്ന് കണ്ട് ഭൂരിപക്ഷത്തെ ഒപ്പം നിര്‍ത്താന്‍ ബി ജെ പി കിണഞ്ഞ് പരിശ്രമിച്ചിരുന്നു.കേവല ഭൂരിപക്ഷം ആര്‍ക്കും കിട്ടാതെ വന്നാല്‍ ചെറു പാര്‍ട്ടികളുമായി ചേര്‍ന്ന് വീണ്ടും അധികാരത്തിലെത്താനാകുമോ എന്ന ചര്‍ച്ചകള്‍ ബിജെപിയിലും സജീവമാണ്.

ഗോവയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് എക്‌സിറ്റ് പോള്‍ സര്‍വേകള്‍. ഭരണകക്ഷിയായ ബിജെപിയും കോണ്‍ഗ്രസും 13 മുതല്‍ 17 സീറ്റുകള്‍ വരെ നേടാമെന്ന് റിപ്പബ്ലിക് ടിവി എക്‌സിറ്റ് പോള്‍ പ്രവചിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന് നാലും മറ്റുള്ളവര്‍ക്ക് രണ്ട് സീറ്റുമാണ് പ്രവചനം. അതേസമയം, ടൈസ് നൗ വീറ്റോ എക്‌സിറ്റ് പോളില്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം. കോണ്‍ഗ്രസ് 16 സീറ്റ് നേടി വലിയ ഒറ്റകക്ഷിയാകുമെന്നും ഭരണകക്ഷിയായ ബിജെപിക്ക് 14 സീറ്റുകള്‍ മാത്രമാണ് നേടാനാകുകയെന്നും ടൈംസ് നൗ പ്രവചിച്ചു. ആംആദ്മി പാര്‍ട്ടിക്ക് നാല് സീറ്റാണ് ഗോവയില്‍ ടൈംസ് നൗവിന്റെ പ്രവചനം. ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ സര്‍വേയില്‍ കോണ്‍ഗ്രസിന് വ്യക്തമായ ആധിപത്യം പ്രവചിക്കുന്നു. 14 മുതല്‍ 18 സീറ്റ് വരെ ബിജെപിക്ക് പ്രവചിച്ചപ്പോള്‍ 15-20 സീറ്റുവരെ കോണ്‍ഗ്രസ് നേടിയേക്കാമെന്ന പ്രവചനവുമുണ്ട്.

ആരാകും ഗോവയിലെ മുഖ്യമന്ത്രി?

സാവന്ദോ കാമത്തോ?

എക്സിറ്റ്പോള്‍ ഫലങ്ങള്‍ പുറത്ത് വന്ന് കഴിഞ്ഞപ്പോള്‍ ഗോവയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമുണ്ടാകില്ലെന്നാണ് ഭൂരിപക്ഷവും പ്രവചിച്ചത്. കോണ്‍ഗ്രസിനും ബിജെപിക്കും സര്‍ക്കാരുണ്ടാക്കാന്‍ ഒരു പോലെ സാധ്യത. അങ്ങനെയെങ്കില്‍ ആരാകും മുഖ്യമന്ത്രിയാവുക? എന്തൊക്കെയാണ് സാധ്യതകള്‍?

1. പ്രമോദ് സാവന്ദ്

2017ല്‍ എറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനെ നോക്ക്കുത്തിയാക്കി അധികാരം പിടിച്ചവരാണ് ബിജെപി.ഇത്തവണയും അധികാരം പിടിച്ചാല്‍ പ്രമോദ് സാവന്ദ് മുഖ്യമന്ത്രിയാകാനാണ് ഏറ്റവും സാധ്യത. മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി അദ്ദേഹത്തെ പ്രചാരണകാലത്ത് ബിജെപി ഉയര്‍ത്തിക്കാണിച്ചിട്ടുമുണ്ട്. ആര്‍എസ്‌എസ് പശ്ചാത്തലം,കേന്ദ്രനേതൃത്വവുമായുള്ള അടുപ്പം അങ്ങനെ പലതരത്തില്‍ അദ്ദേഹം പാര്‍ട്ടിക്ക് യോഗ്യനാണ്.

2. വിശ്വജിത്ത് റാണെ

കാര്യങ്ങള്‍ പ്രമോദ് സാവന്ദിന് അത്ര എളുപ്പമെന്ന് പറയാനാകില്ല.നിലവിലെ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചരട് വലി നേരത്തെ തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസുകാരനായിരുന്ന വിശ്വജിത്ത് ഗോവയില്‍ ഏറ്റവും കൂടുതല്‍ തവണ മുഖ്യമന്ത്രിയായിരുന്ന പ്രതാപ് സിംഗ് റാണയുടെ മകനാണ്. ബിജെപിയിലേക്ക് കൂറ്മാറിയെത്തിയ വിശ്വത്തിന്‍റെ സമ്മര്‍ദം കൊണ്ട് കൂടിയാണ് ഇപ്പോഴും കോണ്‍ഗ്രസുകാരനായി തുടരുന്ന അച്ഛന്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ട് നിന്നത്. മറ്റ് പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാതെ സര്‍ക്കാരുണ്ടാക്കാനാകില്ലെന്ന ഘട്ടം വന്നാല്‍ സ‍ര്‍വ സമ്മതനായി വിശ്വജിത്ത് മാറിയേക്കും

3. ദിഗംബര്‍ കാമത്ത്

കോണ്‍ഗ്രസ് മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ മുന്നോട്ട് വച്ചിട്ടില്ലെങ്കിലും തെരഞ്ഞെടുപ്പിനെ നയിച്ചത് ദിഗംബര്‍ കാമത്താണ്.കോണ്‍ഗ്രസില്‍ കൂറ് മാറാതെ ശേഷിച്ച രണ്ട് എംഎല്‍എമാരില്‍ ഒരാള്‍ , മത്സരിച്ചവരില്‍ ഏറ്റവും സീനിയര്‍,മുന്‍ മുഖ്യമന്ത്രി അങ്ങനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് കോണ്‍ഗ്രസ് ആദ്യം മുന്നോട്ട് വയ്ക്കുക ദിഗംബര്‍ കാമത്തിന്‍റെ പേര് തന്നെയാവും.

4. മൈക്കള്‍ ലോബോ

തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്കുണ്ടായ ഏറ്റവും വലിയ തിരിച്ചടിയാണ് മന്ത്രി മൈക്കള്‍ ലോബോയുടെ കോണ്‍ഗ്രസിലേക്കുള്ള കൂറ് മാറ്റം. ബിജെപിക്ക് കരുത്തുള്ള വടക്കന്‍ ഗോവയിലെ കരുത്തരില്‍ കരുത്തന്‍. ഭാര്യയ്ക്ക് സീറ്റ് നല്‍കാത്തതാണ് ചൊടിപ്പിച്ചത്. കോണ്‍ഗ്രസ് അത് നല്‍കിയതോടെ പാര്‍ട്ടി വിട്ടു. അധികാരം കിട്ടിയാല്‍ മുഖ്യമന്ത്രിയാകാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു മൈക്കള്‍ ലോബോ. എംഎല്‍എമാരുമായും സഖ്യത്തിലുള്ള ഗോവാ ഫോര്‍വേഡ് പാര്‍ട്ടിയുമായും പിന്തുണ തേടി ആശയ വിനിമയം നടത്തിയതായാണ് വിവരം.

5. സുധിന്‍ ധാവലിക്കര്‍

മഹാരാഷ്ട്രവാദി ഗോമന്ദക് പാര്‍ട്ടി(എംജിപി)യുടെ നേതാവ്. ഗോവയിലെ ആദ്യത്തെ മുഖ്യയടക്കം ഉണ്ടായിരുന്ന പാര്‍ട്ടിയാണ്. പക്ഷെ ഇന്ന് നില പരിതാപകരമാണ്. ബിജെപി സഖ്യം അവസാനിപ്പിച്ച്‌ ഇത്തവണ തൃണമൂലിനൊപ്പമാണ്. കഴിഞ്ഞ തവണ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ സഹായിച്ചതിന് ഉപമുഖ്യമന്ത്രി പദം ലഭിച്ചതാണ്. പക്ഷെ ഒപ്പമുണ്ടായിരുന്ന രണ്ട് എംഎല്‍എമാരെ ഒപ്പം കൂട്ടി ബിജെപി കറിവേപ്പില പോലെ കളഞ്ഞു. ഇത്തവണ ബിജെപിയെ സഹായിക്കില്ലെന്ന് പാര്‍ട്ടി പ്രഖ്യാപിച്ച്‌ കഴിഞ്ഞു. തൂക്ക് സഭയെങ്കില്‍ കോണ്‍ഗ്രസിന് മുന്നില്‍ മുഖ്യമന്ത്രി പദത്തിന് അവകാശവാദം ഉന്നയിക്കും . അതിന് തൃണമൂലില്‍ നിന്ന് പിന്തുണ കിട്ടുമോ എന്നും അറിയണം.

6. ചര്‍ച്ചില്‍ അലമാവോ

രണ്ടോ മൂന്നോ സീറ്റില്‍ തൃണമൂല്‍ ഒതുങ്ങുമെന്നാണ് പ്രവചനം. അതില്‍ പാര്‍ട്ടിക്കുള്ള ഉറപ്പുള്ള സ്ഥാനാര്‍ഥിയാണ് ചര്‍ച്ചില്‍ അലമാവോ.അതുകൊണ്ട് കേവല ഭൂരിപക്ഷത്തിലെത്താന്‍ സഹായം തേടുന്നവര്‍ക്ക് മുന്നില്‍ തൃണമൂല്‍ അലമാവോയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്. 1990ല്‍ ഒരുവട്ടം മുഖ്യമന്ത്രി കസേരയില്‍ ഇരിന്നിട്ടുണ്ട്. . കൂറ് മാറ്റം പുത്തരിയല്ലാത്ത അലമാവോ ഒടുവില്‍ എന്‍സിപിയില്‍ നിന്നാണ് തൃണമൂലില്‍ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!