KSDLIVENEWS

Real news for everyone

മീഡിയവണ്‍ സംപ്രേഷണ വിലക്ക്: ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

SHARE THIS ON

മീഡിയവണ്‍ സംപ്രേഷണ വിലക്ക് ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നല്‍കിയ ഹരജി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് പരിഗണിക്കും. ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രംനാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജിയില്‍ ഇന്ന് വാദംകേള്‍ക്കുക. ഹരജിക്കാര്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകരായ മുകുള്‍ റോഹ്തകി, ദുഷ്യന്ത് ദവെ, ഹുസേഫ അഹമ്മദി എന്നിവര്‍ ഹാജരാകും. കേരള പത്രപ്രവര്‍ത്തക യൂനിയനുവേണ്ടി ജനറല്‍ സെക്രട്ടറി ഇ.എസ് സുഭാഷും ചാനലിലെ ജീവനക്കാര്‍ക്കുവേണ്ടി എഡിറ്റര്‍ പ്രമോദ് രാമനും കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.

മീഡിയവണ്‍ ചാനല്‍ ഉടമകളോ 320ലധികം വരുന്ന ജീവനക്കാരോ ഒരുഘട്ടത്തിലും രാജ്യദ്രോഹപ്രവര്‍ത്തനം നടത്തിയിട്ടില്ലെന്ന് എഡിറ്റര്‍ നല്‍കിയ ഹരജിയില്‍ പറയുന്നു. ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അവസരം നല്‍കാതെ തൊഴില്‍ നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കെ.യു.ഡബ്ല്യു.ജെ നല്‍കിയ ഹരജി ചൂണ്ടിക്കാട്ടുന്നു. കേന്ദ്രസര്‍ക്കാര്‍ തീരുമാനം മാധ്യമസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ്. ചാനല്‍ ഉടമകളെയും ജീവനക്കാരെയും കേള്‍ക്കാതെ സംപ്രേഷണം അവസാനിപ്പിക്കുന്നത് സ്വാഭാവികനീതിയുടെ ലംഘനമാണെന്നും ഹരജികളില്‍ പറയുന്നു.

ജനുവരി 31ന് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ ഹരജികള്‍ ഫെബ്രുവരി എട്ടിനാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയത്. തുടര്‍ന്നാണ് അപ്പീല്‍ ഹരജിയുമായി മാനേജ്മെന്റ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. മീഡിയവണിനുവേണ്ടി സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെയും കേന്ദ്രസര്‍ക്കാരിനുവേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖിയുമാണ് കോടതിയില്‍ ഹാജരായത്. ഫെബ്രുവരി പത്തിന് ഒരു ദിവസത്തെ വാദത്തിനുശേഷം വിധി പറയാനായി മാറ്റുകയായിരുന്നു.

തുടര്‍ന്ന് ഫെബ്രുവരി എട്ടിനാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഹരജികള്‍ തള്ളിയത്. കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവച്ച സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ബെഞ്ച് വ്യക്തമാക്കുകയും ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിവിധ രഹസ്യാന്വേഷണ ഏജന്‍സികളില്‍നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചാനലിന് വിലക്കേര്‍പ്പെടുത്തിയിരുന്നത്. മുദ്രവച്ച കവറിലാണ് മന്ത്രാലയം വിവരങ്ങള്‍ സിംഗിള്‍ ബെഞ്ചിനു കൈമാറിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!