പ്രധാനമന്ത്രി സംഗ്രഹാലയ രാജ്യത്തിനു സമർപ്പിച്ചശേഷം മ്യൂസിയം നടന്നുകാണുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയിൽ പ്രവർത്തിച്ച എല്ലാ സർക്കാരുകളും രാജ്യത്തെ വളർച്ചയിലേക്ക് നയിക്കുന്നതിന് സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഡൽഹിയിലെ തീൻമൂർത്തി ഭവനിൽ ‘പ്രധാനമന്ത്രി സംഗ്രഹാലയ’ (പ്രധാനമന്ത്രി മ്യൂസിയം) രാജ്യത്തിനു സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാശില്പി ബി.ആർ. അംബേദ്കറുടെ ജന്മവാർഷികനാളാണ് ഉദ്ഘാടനത്തിന് തിരഞ്ഞെടുത്തത്.
രാജ്യത്തെ 14 മുൻപ്രധാനമന്ത്രിമാരുടെ ജീവിതവും പ്രവർത്തനങ്ങളും അവതരിപ്പിക്കുന്ന മ്യൂസിയമാണ് തുറന്നത്. നവ ഇന്ത്യയുടെ നിർമിതിയിലും രാജ്യത്തിന്റെ വിജയത്തിലും ഇതുവരെയുള്ള എല്ലാ പ്രധാനമന്ത്രിമാരും പങ്കുവഹിച്ചിട്ടുണ്ടെന്ന് മോദി ചൂണ്ടിക്കാട്ടി. ‘‘പല പ്രധാനമന്ത്രിമാരും സാധാരണകുടുംബത്തിൽനിന്ന് വന്നവരാണെന്നത് അഭിമാനാർഹമായ കാര്യമാണ്. അത് ഇന്ത്യയുടെ ജനാധിപത്യത്തിലും പാരമ്പര്യത്തിലുമുള്ള വിശ്വാസം ശക്തിപ്പെടുത്തും’’ -അദ്ദേഹം പറഞ്ഞു.
*തീൻമൂർത്തി ഭവനിലെ നെഹ്രുസ്മാരക മ്യൂസിയത്തിനും ലൈബ്രറിക്കും അടുത്തായി 10,000 ചതുരശ്രയടി വിസ്തീർണത്തിലാണ് പുതിയ സമുച്ചയം നിർമിച്ചിരിക്കുന്നത്

