KSDLIVENEWS

Real news for everyone

സുബൈര്‍ വധക്കേസില്‍ നാലു പേര്‍ കസ്റ്റഡിയില്‍; വിലാപയാത്ര എലപ്പുള്ളിയില്‍, അനുഗമിച്ച് നിരവധി പേര്‍

SHARE THIS ON


Screengrab: Mathrubhumi News

പാലക്കാട്: എലപ്പുള്ളിയിലെ സുബൈര്‍ വധക്കേസില്‍ നാലു പേര്‍ കസ്റ്റഡിയിലായതായി സൂചന. ജിനീഷ്, സുദര്‍ശന്‍, ശ്രീജിത്ത്, ഷൈജു എന്നിവരാണ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. എന്നാല്‍, ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. കസ്റ്റഡിയിലായ നാലു പേരും രണ്ടു വര്‍ഷം മുമ്പ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സക്കീര്‍ ഹുസൈനെ വെട്ടിപരിക്കേല്‍പ്പിച്ച കേസിലെ പ്രതികളാണ്. ഒരു മാസം മുമ്പാണ് ഇവര്‍ ജാമ്യത്തിലിറങ്ങിയത്.


അതിനിടെ, കൊല്ലപ്പെട്ട സുബൈറിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വിലാപയാത്രയായി എലപ്പുള്ളിയില്‍ എത്തിച്ചു. വന്‍ പോലീസ് അകമ്പടിയോടെ പാലക്കാട് നഗരത്തില്‍നിന്ന് ആരംഭിച്ച വിലാപയാത്രയെ നിരവധി എസ്.ഡി.പി.ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് അനുഗമിച്ചത്. എലപ്പുള്ളിയിലെ പൊതുദര്‍ശനത്തിന് ശേഷം ശനിയാഴ്ച വൈകിട്ടോടെ സുബൈറിന്റെ മൃതദേഹം കബറടക്കും.

അതേസമയം, 24 മണിക്കൂറുകള്‍ക്കിടെ രണ്ട് കൊലപാതകങ്ങള്‍ നടന്ന സാഹചര്യത്തില്‍ ജില്ലയില്‍ പോലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ക്രമസമാധാന പാലനത്തിനായി കൂടുതല്‍ പോലീസുകാരെ നിയോഗിക്കാനാണ് തീരുമാനം. മൂന്ന് കമ്പനി പോലീസ് പാലക്കാട്ടേക്ക് തിരിച്ചിട്ടുണ്ട്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. വിജയ് സാഖറെ ശനിയാഴ്ച വൈകിട്ടോടെ പാലക്കാട് എത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!