KSDLIVENEWS

Real news for everyone

ഇന്ധന വിലവര്‍ധനവ്: ദില്ലിയില്‍ ഇന്ന് ഓട്ടോ ടാക്സി പണിമുടക്ക്; ഒരു വിഭാഗം അനിശ്ചിതകാല സമരത്തിലേക്ക്

SHARE THIS ON

ദില്ലി: പെട്രോള്‍,ഡീസല്‍,സിഎന്‍ജി വിലവര്‍ധനയില്‍ പ്രതിഷേധിച്ച്‌ ദില്ലിയില്‍ ഇന്ന് ഓട്ടോ ടാക്സി പണിമുടക്ക്. ടാക്സി നിരക്ക് കൂട്ടണം സിഎന്‍ജി വില കുറയ്ക്കണം തുടങ്ങിയ ആവശ്യങ്ങളാണ് യൂണിയനുകള്‍ മുന്നോട്ടുവെക്കുന്നത്.ഭൂരിഭാഗം യൂണിയനുകളും ഏകദിന പണിമുടക്കിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.

എന്നാല്‍ സര്‍വോദയ ഡ്രൈവര്‍ അസോസിയേഷന്‍ ഇന്നു മുതല്‍ അനിശ്ചിതകാലത്തേക്കുള്ള പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിരക്കുവര്‍ധന അടക്കം ചര്‍ച്ചചെയ്യാന്‍ സമിതിയെ രൂപീകരിക്കുമെന്ന് ദില്ലി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ പണിമുടക്കില്‍ നിന്ന് പിന്മാറില്ലെന്ന ഉറച്ച തീരുമാനത്തിലാണ് യൂണിയനുകള്‍.

ഇന്ധന വില കുറച്ചും യാത്രാനിരക്ക് പരിഷ്‌കരിച്ചും സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്ത സാഹചര്യത്തില്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താന്‍ തീരുമാനിച്ചതായി ഡല്‍ഹി സര്‍വോദയ ഡ്രൈവര്‍ അസോസിയേഷന്‍ പ്രസിഡന്റ് കമല്‍ജീത് ഗില്‍ പറഞ്ഞു.

സിഎന്‍ജി നിരക്കുകളിലെ അഭൂതപൂര്‍വമായ വര്‍ധന ഓട്ടോ, ക്യാബ് ഡ്രൈവര്‍മാരെ ബാധിച്ചിട്ടുണ്ടെന്ന് ഡല്‍ഹി ഓട്ടോ റിക്ഷാ സംഘ് ജനറല്‍ സെക്രട്ടറി രാജേന്ദ്ര സോണി പറഞ്ഞു.

“ഡല്‍ഹി സര്‍ക്കാര്‍ ചില കമ്മിറ്റികള്‍ രൂപീകരിക്കുന്നുണ്ടെന്ന് അറിയിച്ചിട്ടുണ്ട്, എന്നാല്‍ ഇത് പ്രശ്നപരിഹാരമല്ല ഞങ്ങള്‍ക്ക് പരിഹാരം ആവശ്യമാണ്. സിഎന്‍ജി വിലയില്‍ സര്‍ക്കാര്‍ (കേന്ദ്രവും ദില്ലിയും) കിലോയ്ക്ക് 35 രൂപ സബ്‌സിഡി നല്‍കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു,” അദ്ദേഹം പറഞ്ഞു.

90,000 ല്‍ അധികം ഓട്ടോകളും 80,000 അധികം രജിസ്ട്രേഡ് ടാക്സികളും ദില്ലിയില്‍ സര്‍വീസ് നടത്തുന്നുണ്ടെന്നാണ് കണക്ക്.

നിരക്ക് പരിഷ്കരിക്കുക, സിഎന്‍ജി വില കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ പതിനായിരത്തോളം വരുന്ന ആര്‍ടിവി ബസുകളും നിരത്തിലിറങ്ങില്ലെന്ന് എസ്ടിഎ ഓപ്പറേറ്റേഴ്സ് ഏകതാ മഞ്ച് ജനറല്‍ സെക്രട്ടറി ശ്യാംലാല്‍ ഗോല പറഞ്ഞു.

മെട്രോ സ്റ്റേഷനുകളില്‍ നിന്ന് നഗരത്തിലെ ഉള്‍പ്രദേശങ്ങളിലേക്കുള്ള അവസാന മൈല്‍ കണക്റ്റിവിറ്റിയില്‍ ഫീഡര്‍ ബസുകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!