KSDLIVENEWS

Real news for everyone

കാസർകോട് ബ്ലോക്കിലെ ഭൂജല ഉപയോഗതോത് 90% നു മുകളിൽ

SHARE THIS ON

കാസർകോട് ∙ ‌ജലസംരംക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയിട്ടും ഭൂജല നിരപ്പ് ഉയർത്താൻ കഴിയാതെ കാസർകോട് ബ്ലോക്ക്. സംസ്ഥാന ഭൂജല വകുപ്പും കേന്ദ്ര ഭൂജല ബോർ‌ഡും ചേർന്നു നടത്തിയ പുതിയ പഠനത്തിലും കാസർകോട് ബ്ലോക്കിലെ ഭൂജല ഉപയോഗ തോത് 90% നു മുകളിലാണ്. മുൻപു നടത്തിയ പഠനത്തിലും കാസർകോട് ബ്ലോക്ക് 90% നു മുകളിൽ ജലചൂഷണമുള്ള ഗുരുതര വിഭാഗത്തിലായിരുന്നു.

കാസർകോട് ബ്ലോക്കിലെ കാസർകോട് നഗരസഭയും ബദിയടുക്ക, ചെമ്മനാട്, ചെങ്കള, കുമ്പള, മധൂർ, മൊഗ്രാൽ പുത്തൂർ പഞ്ചായത്തുകളുമാണു ഗുരുതര വിഭാഗമായി സർക്കാർ‌ വിജ്ഞാപനം ചെയ്തത്. ഇതോടെ, ഈ പ്രദേശങ്ങളിൽ കുഴൽ കിണർ ‌നിർമാണത്തിനു സംസ്ഥാന ഭൂജല അതോറിറ്റിയുടെ അനുമതി വേണമെന്ന നിബന്ധന തുടരും.

അതേസമയം, നേരത്തെ ഗുരുതര വിഭാഗത്തിലുണ്ടായിരുന്ന, കാറഡുക്ക ബ്ലോക്കിലെ മുളിയാർ, കാറഡുക്ക, ബേഡഡുക്ക, കുറ്റിക്കോൽ, ദേലംപാടി പഞ്ചായത്തുകൾ ഗുരുതര വിഭാഗത്തിൽ നിന്ന് ഒഴിവായതു ജില്ലയ്ക്കു ആശ്വാസമായി. കഴിഞ്ഞ പഠനത്തിൽ 90% നു മുകളിൽ ഭൂജല ഉപയോഗം നടന്ന ഈ പഞ്ചായത്തുകൾ ഇത്തവണ 75-90% നും ഇടയിലാണ്. ഈ പ്രദേശങ്ങളിൽ ഭൂജല വകുപ്പിന്റെ അനുമതി പത്രം വാങ്ങി കുഴൽ കിണർ നിർമിക്കാം.

കാസർകോട്, കോഴിക്കോട്, കൊടുങ്ങല്ലൂർ, ചിറ്റൂർ, അതിയന്നൂർ ബ്ലോക്കുകളാണു കഴിഞ്ഞ പഠനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തു ഗുരുതര വിഭാഗമായി സർക്കാർ വിജ്ഞാപനം ചെയ്തിരുന്നത്. ഇതിൽ കോഴിക്കോട്, കൊടുങ്ങല്ലൂർ, അതിയന്നൂർ പഞ്ചായത്തുകളിൽ ഭൂജലനിരപ്പ് ഉയർന്നതായി കണ്ടെത്തി അവയെ ഒഴിവാക്കി. കാസർകോട്, ചിറ്റൂർ ബ്ലോക്കുകൾ ഗുരുതരവിഭാഗത്തിൽ തുടർന്നപ്പോൾ പുതിയതായി പാലക്കാട് ജില്ലയിലെ മലമ്പുഴയും ഇതിലെത്തി.

2017 മുതൽ 2020 വരെയുള്ള ഡേറ്റകൾ അടിസ്ഥാനപ്പെടുത്തിയാണു പഠനം നടത്തിയത്. കാസർകോട് ബ്ലോക്കിലെ ഭൂജലനിരപ്പ് ഉയർത്താൻ ഒട്ടേറെ പ്രവർത്തനങ്ങളാണു ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടന്നത്. എന്നിട്ടും വർധിക്കാത്തത് അധികൃതർക്കു മുന്നിൽ വെല്ലുവിളിയായി നിൽക്കുകയാണ്. കാറഡുക്ക, മഞ്ചേശ്വരം, കാഞ്ഞങ്ങാട് ബ്ലോക്കുകളിൽ ഭൂജല ഉപയോഗതോത് 75% നു മുകളിലാണ്. പരപ്പ, നീലേശ്വരം ബ്ലോക്കുകളിൽ ഇതിലും താഴെയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!