ഞങ്ങള്‍ ഹിന്ദുക്കളും മുസ്ലിങ്ങളും സ്‌നേഹത്തോടെ കഴിയുന്ന നാടാണിത്; സംശയമുണ്ടെങ്കില്‍ ചോദിച്ചുനോക്കൂ

ഒരു കറുത്ത കുപ്പായമിട്ട കുട്ടി നിലത്ത് കുനിഞ്ഞിരുന്ന് നാണയത്തുട്ടുകള്‍ പെറുക്കി. അവന്റെ സ്വപ്ന സാക്ഷാത്കാരത്തിനായി സ്വരുക്കൂട്ടി വെച്ചതായിരിക്കാം. ബുള്‍ഡോസര്‍ പറിച്ചെറിഞ്ഞ പെട്ടിക്കടയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ അവന്‍ ആ നാണയത്തുട്ടുകള്‍ തിരഞ്ഞു.
കരഞ്ഞ് കലങ്ങിയ കണ്ണോടെ ചവറ് കൂനയില്‍ മുട്ടുകുത്തിയിരിക്കുന്ന അമ്മയുടെ കൈയില്‍ ഫ്രൂട്ടിയുടെ ചതഞ്ഞരഞ്ഞ് പോകാത്ത കുറച്ച് പായ്ക്കറ്റുകള്‍. ആ അമ്മയുടെ അരികിലിരിക്കുന്ന കുട്ടിയുടെ കയ്യില്‍ രണ്ട് കുപ്പി കുടിവെള്ളം. അവരുടെ കടയില്‍ വില്‍ക്കാന്‍ വെച്ച സാധനങ്ങളായിരിക്കണം. ആ കാഴ്ചയ്ക്കപ്പുറം ബുള്‍ഡോസര്‍ കോരിയിട്ട ഒരു ബോര്‍ഡ് കാണാം, ആ ബോര്‍ഡില്‍ നമ്മുടെ ഗാന്ധി തലകീഴായിയിരിക്കുന്നു.
ഡല്‍ഹിയിലെത്തിയിട്ട് കുറച്ചു ദിവസമേ ആയുള്ളു. അതിനിടയില്‍ പലസമയത്തും തോന്നിയ സംശയമാണ് ഇവിടുത്തെ ഉന്തുവണ്ടിക്കടക്കാരുടെ വരുമാനത്തെപ്പറ്റി. പലരും എന്തെങ്കിലും ഒരു സാധനമാണ് വില്‍ക്കുക. ഉള്ളിയോ, തക്കാളിയോ, വത്തക്കയോ ഒക്കെ. വില താരതമ്യേന കുറവുമായിരിക്കും. ഒരു ദിവസത്തെ കച്ചവടം കഴിഞ്ഞ് ആ തള്ളുവണ്ടിയിലെ മുഴുവന്‍ സാധനവും വിറ്റ് തീര്‍ന്നാലും അഞ്ഞൂറ് രൂപയെങ്കിലും അധ്വാനത്തിന് വരുമാനം ലഭിക്കുമോ? ഇവരുടെ ജീവിതം എങ്ങനെയായിരിക്കും? കുട്ടികളുടെ വിദ്യാഭ്യാസം

