വഖഫ് നിയമനം: പഴയ സംവിധാനം പുനഃസ്ഥാപിക്കണം; നിലപാട് പറഞ്ഞ് സംഘടനകൾ

തിരുവനന്തപുരം∙ വഖഫ് ബോർഡിലെ നിയമനങ്ങള്‍ പിഎസ്‌സിക്കു വിടുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ മുസ്‌ലിം സംഘടനകൾ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി. പഴയ സംവിധാനം പുനഃസ്ഥാപിക്കണമെന്നും, നിയമനം പിഎസ്‌സിക്കു വിടാനായി നിയമസഭയിൽ കൊണ്ടുവന്ന നിയമം റദ്ദു ചെയ്യണമെന്നും ഭൂരിപക്ഷം സംഘടനകളും ആവശ്യപ്പെട്ടു. നിയമനം പിഎസ്‌സിക്കു വിടുന്നതിനെ എപി വിഭാഗം സ്വാഗതം ചെയ്തു. സുതാര്യമായ നിയമനം വേണമെന്ന് അവർ യോഗത്തിൽ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുമായുള്ള ചർച്ച പ്രതീക്ഷ നൽകുന്നതാണെന്ന് സംഘടനാ നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. വഖഫ് ബോർഡിൽ കുറ്റമറ്റ രീതിയിൽ നിയമനം നടത്താൻ മത സംഘടനാ പ്രതിനിധികളെയും വഖഫ് ബോർഡ് പ്രതിനിധികളെയും കൂട്ടിച്ചേർത്തു കൊണ്ട് സമിതി രൂപീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് സമസ്ത നേതൃത്വം ആവശ്യപ്പെട്ടു. അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. സർക്കാരിന് ഈ വിഷയത്തിൽ തുറന്ന മനസ്സാണ് ഉള്ളതെന്നും പിടിവാശിയില്ലെന്നും മുഖ്യമന്ത്രി അറിയിച്ചതായി സമസ്ത നേതാക്കൾ വ്യക്തമാക്കി.
യോഗത്തിൽ സംസാരിച്ച 11 പ്രതിനിധികളിൽ ആരും നിയമനം പിഎസ്‌സിക്കു വിടണം എന്നു പറഞ്ഞില്ലെന്നു സമസ്താ നേതാക്കൾ പറഞ്ഞു. സുതാര്യമായ നിയമനം നടത്തണമെന്നാണ് ആവശ്യപ്പെട്ടത്. നിയമനത്തിനു റിക്രൂട്ട്മെന്റ് ബോർഡ് ആവശ്യമുണ്ടെന്നു തോന്നുന്നില്ലെന്നും സമിതിയാണ് ഉചിതമെന്നും സമസ്താ നേതാക്കൾ പറഞ്ഞു.

