ശ്രീനിവാസന്‍ വധക്കേസ്; രണ്ട് പേര്‍ കൂടി പിടിയില്‍, അക്രമി സംഘം സഞ്ചരിച്ച വാഹനങ്ങള്‍ കണ്ടെത്തിയെന്ന് സൂചന

പാലക്കാട്: പാലക്കാട്ടെ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ (Sreenivasan Murder Case) രണ്ട് പേര്‍ കൂടി പിടിയിലായി. ഗൂഢാലോചനയില്‍ പങ്കെടുത്തവരാണ് പിടിയിലായത്. ഇവരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. അക്രമി സംഘം സഞ്ചരിച്ച വാഹനങ്ങളിലൊന്ന് കണ്ടെത്തിയെന്നും സൂചന. അക്രമി സംഘം സഞ്ചരിച്ച ഒരു ബൈക്കും ആയുധങ്ങള്‍ കൊണ്ടുവന്നതെന്ന് സംശയിക്കുന്ന ഓട്ടോറിക്ഷയുമാണ് കണ്ടെത്തിയത്.
അതേസമയം, കേസില്‍ നിലവില്‍ അറസ്റ്റിലായ നാല് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതികളെ സഹായിച്ച മുഹമ്മദ് ബിലാല്‍, റിയാസുദ്ദീന്‍, സഹദ്, പ്രതികളുടെ ഫോണുകള്‍ വീടുകളിലെത്തിച്ച റിസ്വാന്‍ എന്നിവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് പൊലീസ് ആവശ്യപ്പെട്ടേക്കും. കൃത്യത്തില്‍ നേരിട്ട് പങ്കുള്ള ആറ് പേര്‍ ഉടന്‍ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു. കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ ശംഖുവാരത്തോട് സ്വദേശി അബ്ദുറഹ്മാന്‍, തമിഴ്നാട് രജിസ്ട്രേഷനിലുള്ള ബൈക്കിലുണ്ടായിരുന്ന പട്ടാമ്ബി സ്വദേശി ഉമ്മര്‍, ഫിറോസ്, ആക്ടിവ ബൈക്കില്‍ ഉണ്ടായിരുന്ന അബ്ദുള്‍ ഖാദര്‍ എന്നിവരുള്‍പ്പടെ വൈകാതെ വലയിലാവുമെന്നാണ് പൊലീസ് അറിയിക്കുന്നത്. അതിനിടെ സുബൈര്‍ കൊലക്കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് ഇന്ന് നടന്നേക്കും.
അതേസമയം, പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ ഏപ്രില്‍ 24 വരെ തുടരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വിഷുദിനം കുത്തിയതോട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മേലാമുറിയില്‍ ആര്‍എസ്‌എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനും കൊല്ലപ്പെട്ടത്. ഇതോടെയാണ് ജില്ലയിലാകെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കൊലപാതകങ്ങളെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തകരാറിലാകാനുമുള്ള സാധ്യത മുന്നില്‍ കണ്ട് ഏപ്രില്‍ 16-ന് പ്രഖ്യാപിച്ച നിരോധനാജ്ഞയാണ് ഇപ്പോള്‍ നീട്ടിയത്.
ഉത്തരവ് പ്രകാരം പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമോ ആളുകള്‍ ഒത്തു ചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളില്‍ യോഗങ്ങളോ പ്രകടനങ്ങളോ ഘോഷയാത്രകളോ പാടില്ല. ഇന്ത്യന്‍ ആയുധ നിയമം സെക്ഷന്‍ 4 പ്രകാരം പൊതുസ്ഥലങ്ങളില്‍ വ്യക്തികള്‍ ആയുധമേന്തി നടക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഇന്ത്യന്‍ സ്ഫോടക വസ്തു നിയമം 1884-ലെ സെക്ഷന്‍ 4 പ്രകാരം പൊതുസ്ഥലങ്ങളില്‍ സ്‌ഫോടകവസ്തുക്കള്‍ കൈവശം വെക്കുന്നതും അപ്രതീക്ഷിത സംഭവങ്ങള്‍ ഉടലെടുക്കും വിധം സമൂഹത്തില്‍ ഊഹാപോഹങ്ങള്‍ പരത്തുകയോ ചെയ്യാന്‍ പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. അവശ്യസേവനങ്ങള്‍ക്കും ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ക്കും ഉത്തരവ് ബാധകമല്ല.

