KSDLIVENEWS

Real news for everyone

അംഗീകാരം അബ്ദുള്ളക്കുട്ടിക്ക് അപ്രതീക്ഷിതം; ബി.ജെ.പി.ക്ക് രാഷ്ട്രീയലക്ഷ്യവും

SHARE THIS ON

കണ്ണൂർ: ദേശിയ ഹജ്ജ്കമ്മിറ്റി ചെയർമാനായി ബി.ജെ.പി. ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടി തിരഞ്ഞെടുക്കപ്പെട്ടതോടെ ജന്മനാടായ കണ്ണൂരിന് മാത്രമല്ല കേരളത്തിനും വലിയ അംഗികാരമായി. ആദ്യമായാണ് തെക്കേ ഇന്ത്യയിൽനിന്ന് ഒരാൾ ഈ പദവിയിലെത്തുന്നത്. ഇ.അഹമ്മദിനുപോലും ലഭിക്കാത്ത അംഗീകാരമാണ് അബ്ദുള്ളക്കുട്ടിക്ക് ലഭിച്ചത്. വർഷംതോറും പ്രത്യേക ഹജ്ജ്‌ ക്വാട്ടയിലൂടെ ലക്ഷക്കണക്കിന് ആൾക്കാരാണ് ഹജ്ജിന് പോകുന്നത്. ഇവർക്കുള്ള സേവനസൗകര്യങ്ങളുടെയെല്ലാം ചുക്കാൻ പിടിക്കേണ്ടത് ഹജ്ജ്‌ കമ്മിറ്റി ചെയർമാന്റെ ഉത്തരവാദിത്വം കൂടിയാണ്. മുംബൈയാണ് ആസ്ഥാനം. വരുന്ന 26-ന് ഹജ്ജ്‌ കമ്മിറ്റി യോഗം ചേരുന്നുണ്ട്്്.


അംഗീകാരങ്ങൾ പലപ്പോഴും അപ്രതീക്ഷിതമായിരുന്നു അബ്ദുള്ളക്കുട്ടിക്ക്‌. സി.പി.എമ്മിൽ വളരെ തുടക്കത്തിൽത്തന്നെ എം.പി. ആയ അദ്ദേഹം രണ്ടുതവണ തുടർന്നു. പിന്നീട്‌ കോൺഗ്രസിലെത്തിയ അദ്ദേഹം രണ്ടുതവണ എം.എൽ.എ. ആയി. അതിനുശേഷമാണ് അപ്രതീക്ഷിതമായി എല്ലാവരെയും ഞെട്ടിച്ച് അബ്ദുള്ളക്കുട്ടി ബി.ജെ.പി.യിലെത്തിയത്. തുടക്കത്തിൽത്തന്നെ സംസ്ഥാന ബി.ജെ.പി. നേതൃത്വത്തെ നീരസത്തിലാക്കിക്കൊണ്ട് അദ്ദേഹത്തെ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റായി കേന്ദ്ര നേതൃത്വം നിയമിച്ചു. സംസ്ഥാന നേതാക്കൾ നീരസം തുടരുന്നതിനിടയിൽത്തന്നെ അദ്ദേഹത്തെ വൈസ് പ്രസിഡന്റ് എന്ന പ്രധാന പദവിയിലേക്കും കേന്ദ്രനേതൃത്വം നിയോഗിച്ചു.

ദേശീയ ഹജ്ജ്‌ കമ്മിറ്റി ചെയർമാൻ എന്ന പദവിയും അപ്രതീക്ഷിതമാണ്. കേരളത്തിൽ ബി.ജെ.പി. ലക്ഷ്യംവെക്കുന്ന ന്യൂനപക്ഷരാഷ്ട്രീയ പിന്തുണ തന്നെയാണ് അബ്ദുള്ളക്കുട്ടിക്ക് നൽകിയ ഈ അംഗീകാരത്തിലൂടെ നേതൃത്വം ലക്ഷ്യമിടുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ഹജ്ജിന് പോകുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. മറ്റൊന്ന് യു.പി.യാണ്. കേരളം, തമിഴ്‌നാട്, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലുള്ള ഹജ്ജ്‌ തീർഥാടകരുടെ എംബാർക്കേഷൻ കേന്ദ്രം കൊച്ചിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!