KSDLIVENEWS

Real news for everyone

ഇ സ്കൂട്ടറുകള്‍ക്ക് തീപിടിക്കല്‍; കമ്ബനികള്‍ക്ക് വന്‍പിഴ, വാഹനങ്ങള്‍ തിരിച്ചുവിളിക്കും- മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി

SHARE THIS ON

ദില്ലി: സമീപ ദിവസങ്ങളില്‍ ഇലക്‌ട്രിക് സ്കൂട്ടറുകള്‍ തീപിടിക്കുന്ന സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കഴിഞ്ഞ രണ്ട് മാസത്തിനിടെ നിരവധി അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തെന്നും അപകടങ്ങളെക്കുറിച്ച്‌ വിദഗ്ധ സമിതി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. കമ്ബനികള്‍ക്ക് കനത്ത പിഴ ചുമത്തുന്നത് ഉള്‍പ്പെടെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഇലക്‌ട്രിക് ടൂ വീലറുകളുടെ അപകടങ്ങള്‍ കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ നിരവധി റിപ്പോര്‍ട്ട് ചെയ്തു. അപകടങ്ങളില്‍ ചിലര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. സംഭവങ്ങളെക്കുറിച്ച്‌ അന്വേഷിക്കാനും പരിഹാര നടപടികള്‍ ശുപാര്‍ശ ചെയ്യാനും വിദഗ്ധ സമിതി രൂപീകരിച്ചു’- കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു.


ഈ മാസം ആദ്യം ഒലയുടെ ഇ-സ്കൂട്ടറിന് തീപിടിച്ചതിന്റെ വീഡിയോ ഓണ്‍ലൈനില്‍ വൈറലായിരുന്നു. പ്യുവര്‍ ഇവിയുടെ ഒരു സ്‌കൂട്ടറും കത്തിനശിച്ചു. കഴിഞ്ഞ ദിവസം ഒകിനാവ ഓട്ടോടെക് സ്കൂട്ടര്‍ കത്തുകയും രണ്ട് പേര്‍ മരിക്കുകയും ചെയ്തു. തുടര്‍ന്നാണ് സര്‍ക്കാര്‍ ഗൗരവത്തോടെ സംഭവങ്ങളെ സമീപിച്ചത്. ഇലക്‌ട്രിക് വാഹനങ്ങള്‍ക്കായി ഗുണനിലവാര മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും. വീഴ്ച വരുത്തുന്ന കമ്ബനികള്‍ക്ക് മുന്നറിയിപ്പ് നല്‍കും. കമ്ബനികള്‍ നിര്‍ദേശം ലംഘിച്ചാല്‍ കനത്ത പിഴ ചുമത്തും. കൂടാതെ പരാതിയുള്ള എല്ലാ വാഹനങ്ങളും തിരിച്ചുവിളിക്കാനും ഉത്തരവിടുമെന്നും ഗഡ്കരി പറഞ്ഞു.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇക്കാര്യത്തില്‍ കമ്ബനികളും ശ്രദ്ധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. രാജ്യത്ത് ഇലക്‌ട്രിക് വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നതിനിടെയാണ് വാഹനങ്ങള്‍ക്ക് തീപിടിക്കുന്ന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2030 ഓടെ മൊത്തം ഇരുചക്രവാഹന വില്‍പ്പനയുടെ 80 ശതമാനവും ഇവി വാഹനങ്ങളാകുമെന്നാണ് കണക്കുകൂട്ടല്‍. പ്രാദേശികമായി ഇലക്‌ട്രിക് വാഹനങ്ങള്‍ (ഇവികള്‍) നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ വലിയ പ്രോത്സാഹനങ്ങളും നല്‍കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!