അയൽരാജ്യങ്ങളിൽ നിന്നുള്ള ആക്രമണം വച്ചുപൊറുപ്പിക്കില്ല: പാക് വ്യോമാക്രമണത്തിൽ അഫ്ഗാനിസ്ഥാൻ

കാബൂൾ∙ അയൽരാജ്യങ്ങളിൽ നിന്നുള്ള ആക്രമണങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന് അഫ്ഗാനിസ്ഥാന്റെ ആക്ടിങ് പ്രതിരോധ മന്ത്രി മുല്ല മുഹമ്മദ് യാക്കൂബ്. കുനാർ, ഖോസ്ത് പ്രവിശ്യകളിൽ പാക് വ്യോമാക്രമണം നടന്നതിനു പിന്നാലൊണ് അദ്ദേഹത്തിന്റെ പ്രസ്താവന. ‘ഞങ്ങൾ ലോകത്തിൽ നിന്നും അയൽരാജ്യങ്ങളിൽ നിന്നും പ്രശ്നങ്ങളും വെല്ലുവിളികളും നേരിടുന്നു. കുനാറിൽ അവർ നടത്തിയ അധിനിവേശം വ്യക്തമായ ഉദാഹരണമാണ്. ഞങ്ങൾക്ക് അധിനിവേശം സഹിക്കാനാവില്ല. ദേശീയ താൽപര്യങ്ങൾ കാരണം ആ ആക്രമണം ഞങ്ങൾ സഹിച്ചു. അടുത്ത തവണ ഞങ്ങൾ ഇത് സഹിക്കില്ല’– അദ്ദേഹം പറഞ്ഞു.
WORLD
വ്യോമാക്രമണത്തിൽ 47 മരണമെന്ന് താലിബാൻ, പങ്കില്ലെന്ന് പാക്കിസ്ഥാൻ
എന്നാൽ, വ്യോമാക്രമണത്തിൽ പങ്കുണ്ടെന്ന് സ്ഥിരീകരിക്കാത്ത പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ സാഹോദര രാജ്യമാണെന്ന് പറഞ്ഞു. ‘രണ്ട് രാജ്യങ്ങളിലെയും സർക്കാരുകളും ജനങ്ങളും തീവ്രവാദത്തെ ഗുരുതര ഭീഷണിയായി കാണുന്നു. ദീർഘകാലമായി ഈ വിപത്തിൽ കഷ്ടപ്പെടുന്നു. അതിർത്തി കടന്നുള്ള ഭീകരതയെ നേരിടുന്നതിനും തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെ നടപടിയെടുക്കുന്നതിനും രണ്ട് രാജ്യങ്ങളും അർഥവത്തായ രീതിയിൽ ഇടപെടേണ്ടത് പ്രധാനമാണ്’– പാകിസ്ഥാൻ വിദേശകാര്യ വക്താവ് കൂട്ടിച്ചേർത്തു.
ഏപ്രിൽ 16ന് ഖോസ്റ്റിലും കുനാറിലും നടന്ന വ്യോമാക്രമണത്തിൽ 20 കുട്ടികൾ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിൽ ആകെ 36 പേർ കൊല്ലപ്പെട്ടതായി പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു. ആക്രമണത്തിൽ പ്രതിഷേധിച്ച് അഫ്ഗാന് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞയാഴ്ച പാക് അംബാസഡറെ വിളിച്ചുവരുത്തിയിരുന്നു

