ഭാര്യയെ തീകൊളുത്തി ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവം; പൊള്ളലേറ്റ മകളും മരിച്ചു

കട്ടപ്പന: പുറ്റടിയില്‍ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രവീന്ദ്രന്റെ മകള്‍ ശ്രീധന്യ(17)യും മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ശ്രീധന്യ രണ്ട് ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. വ്യാഴാഴ്ച രാത്രിയോടെയാണ് മരിച്ചത്.
പുറ്റടി ഹോളി ക്രോസ്സ് കോളേജിന് സമീപമുള്ള വീട്ടില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം. ഉറങ്ങിക്കിടന്ന ഭാര്യ ഉഷയെ തീകൊളുത്തിയ ശേഷം രവീന്ദ്രന്‍ സ്വയം തീ കൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മുറിയില്‍ തീ ആളിപ്പടര്‍ന്നതോടെയാണ് ശ്രീധന്യയ്ക്കും പൊള്ളലേറ്റത്. കുടുംബ പ്രശ്നങ്ങളാണ് രവീന്ദ്രന്റെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.
പോലീസ് നടത്തിയ അന്വേഷണത്തില്‍ അണക്കരയിലെ പെട്രോള്‍ പമ്പില്‍ നിന്ന് അഞ്ചു ലിറ്ററിന്റെ കറുത്ത പ്ലാസ്റ്റിക് ജാറില്‍ രവീന്ദ്രന്‍ പെട്രോള്‍ വാങ്ങുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കുടുംബപ്രശ്നംമൂലമാണ് മുന്‍പ് താമസിച്ചിരുന്ന കടശ്ശിക്കടവില്‍നിന്ന് പുറ്റടി ഹോളിക്രോസ് കോളേജിന് സമീപത്തേക്ക് താമസം മാറിയത്. അണക്കരയില്‍ സോപ്പുപൊടിക്കട നടത്തുന്ന രവീന്ദ്രനെ കോവിഡ് ലോക്ഡൗണിനെ തുടര്‍ന്നുണ്ടായ വ്യാപാരമാന്ദ്യവും ബാധിച്ചിരുന്നു. ഇത് രവീന്ദ്രനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയെന്ന് അടുപ്പക്കാര്‍ പറയുന്നു.

