മാന്യ മുണ്ടോട്ടെ ക്രിക്കറ്റ് സ്റ്റേഡിയം: വിവാദങ്ങൾക്ക് വിട, ഇനി വികസന കാലം

കാസർകോട് ∙ വിവാദങ്ങളുടെ ക്രീസിൽ നിന്നു വികസനത്തിന്റെ സിക്സർ പറത്താനൊരുങ്ങി മാന്യ മുണ്ടോട്ടെ ക്രിക്കറ്റ് സ്റ്റേഡിയം. മൂന്നര വർഷത്തെ കാത്തിരിപ്പിനു ശേഷം പവിലിയന്റെ പണി ഉടൻ തുടങ്ങാനുള്ള നീക്കത്തിലാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ(കെസിഎ). ഒന്നര കോടി രൂപ ഇതിനായി അനുവദിച്ചു. പരിശീലന വിക്കറ്റിന്റെ പണി അന്തിമഘട്ടത്തിലാണ്. 2018 ഡിസംബറിൽ സ്റ്റേഡിയം തുറന്നതിനു ശേഷം സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ വികസന പ്രവർത്തനമാണിത്. കളിക്കാർക്കും ഒഫീഷ്യൽസിനുമുള്ള വിശ്രമ മുറികൾ, ഇൻഡോർ വിക്കറ്റ്, പകൽ-രാത്രി മത്സരങ്ങൾക്കുള്ള ഫ്ലഡ് ലിറ്റ് തുടങ്ങിയവ കൂടി ഒരുക്കിയാൽ മാത്രമേ എ ക്ലാസ് മത്സരങ്ങളെന്ന ജില്ലയിലെ ക്രിക്കറ്റ് പ്രേമികളുടെ സ്വപ്നം പൂവണിയുകയുള്ളൂ.
നഗരത്തിൽ നിന്ന് 10 കിലോമീറ്റർ അകലെ
കാസർകോട് ടൗണിൽ നിന്ന് 10 കിലോമീറ്റർ അകലെ ബദിയടുക്ക പഞ്ചായത്തിലെ മാന്യ മുണ്ടോട്ട് 8.20 ഏക്കർ സ്ഥലത്താണ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. 2015ൽ നിർമാണം ആരംഭിച്ചു. നല്ലൊരു ക്രിക്കറ്റ് സ്റ്റേഡിയം ഇല്ലാത്ത കാസർകോട്ട്, രാജ്യാന്തര നിലവാരത്തിൽ ഏറ്റവും മികച്ച രീതിയിലാണ് പിച്ച് ഉൾപ്പെടെ സ്റ്റേഡിയം നിർമിച്ചത്. പുറമെ നിന്ന് ഇറക്കുമതി ചെയ്ത മണ്ണാണ് പിച്ച് നിർമാണത്തിന് ഉപയോഗിച്ചത്. ഗ്രൗണിന്റെയും പിച്ചിന്റെയും പണി പൂർത്തിയാക്കി 2018 ഡിസംബർ മാസത്തിൽ ഉദ്ഘാടനം ചെയ്തെങ്കിലും പിന്നീട് സ്റ്റേഡിയം വാർത്തകളിൽ നിറഞ്ഞത് വിവാദങ്ങൾ കൊണ്ടായിരുന്നു. ഒരു വർഷത്തിനുള്ളിൽ പവിലിയൻ നിർമിക്കുമെന്ന പ്രഖ്യാപനവും നടന്നില്ല. കഴിഞ്ഞ മൂന്നര വർഷമായി ജില്ലാ-മേഖലാ മത്സരങ്ങൾ മാത്രമാണ് ഇവിടെ നടക്കുന്നത്.
സ്ഥലം വാങ്ങിയതിൽ ക്രമക്കേട്
സ്ഥലം വാങ്ങിയതിലെ ക്രമക്കേടിന്റെ പേരിലാണ് ആദ്യം വിവാദമുയർന്നത്. കുറഞ്ഞ വിലയുള്ള സ്ഥലത്തിനു കൂടുതൽ വില കാണിച്ച് അന്നത്തെ കെസിഎ ഭാരവാഹികൾ ക്രമക്കേട് നടത്തിയെന്ന പരാതി വിജിലൻസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. സ്ഥലം കയ്യേറിയെന്നതായിരുന്നു അടുത്തത്. വില കൊടുത്തു വാങ്ങിയ 8.20 ഏക്കറിൽ 1.09 ഏക്കർ സ്ഥലം പുറമ്പോക്ക് ഭൂമിയാണെന്ന പരാതിയെ തുടർന്ന് റവന്യു വകുപ്പ് അന്വേഷിക്കുകയും കയ്യേറ്റ ഭൂമിയിൽ ബോർഡ് സ്ഥാപിക്കുകയും ചെയ്തു. സ്റ്റേഡിയത്തിന്റെ പാർക്കിങ് ഏരിയ ഉൾപ്പെടുന്ന സ്ഥലമാണിത്. ഇതിനെതിരെ കെസിഎ നൽകിയ ഹർജയിൽ, മത്സരങ്ങൾ തടയാൻ പാടില്ലെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. സർക്കാർ തലത്തിൽ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.
പ്രഖ്യാപനം മാത്രമായി സൗകര്യങ്ങൾ
പവിലിയൻ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരു വർഷത്തിനുള്ളിൽ ഒരുക്കുമെന്ന് ഉദ്ഘാടന വേളയിൽ പ്രഖ്യാപിച്ചെങ്കിലും പക്ഷേ പിന്നീട് നടപടികൾ ഉണ്ടായില്ല. അതിനിടയിൽ കോവിഡും കളിച്ചു! കോവിഡ് കാരണം മത്സരങ്ങൾ നടക്കാതായതോടെ കെസിഎയുടെ വരുമാനത്തിലും ഇടിവുണ്ടായി. സ്റ്റേഡിയം പൂർണസജ്ജമാക്കാൻ 10 കോടിയോളം രൂപ ഇനിയും വേണ്ടി വരും. പവിലിയൻ നിർമാണത്തിനായി 1.5 കോടി രൂപ അനുവദിച്ചു. ബാക്കി തുക ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
അടുത്ത ക്രിക്കറ്റ് സീസൺ ആരംഭിക്കുന്ന സെപ്റ്റംബർ-ഒക്ടോബർ മാസത്തിനു മുൻപായി പവിലിയൻ പണി പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്ന് കെസിഎ ട്രഷറർ കെ.എം.അബ്ദുൽ റഹ്മാൻ പറഞ്ഞു. രാജ്യാന്തര മത്സരങ്ങൾ ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയില്ലെങ്കിലും രഞ്ജി ട്രോഫി, രാജ്യങ്ങളുടെ എ ടീമുകൾ തമ്മിലുള്ള മത്സരങ്ങൾ തുടങ്ങിയവ നടത്താൻ കഴിയുന്ന രീതിയിലേക്ക് ഉടൻ സ്റ്റേഡിയം സജ്ജമാക്കണമെന്നാണ് ക്രിക്കറ്റ് പ്രേമികളുടെ ആവശ്യം. ദേശീയപാത നവീകരണം കഴിയുന്നതോടെ മംഗളൂരു വിമാനത്താവളത്തിൽ നിന്നു സ്റ്റേഡിയത്തിലേക്കുള്ള ഗതാഗതം എളുപ്പമാകും. പെരിയ എയർ സ്ട്രിപ്പും സ്റ്റേഡിയത്തിനു മുതൽക്കൂട്ടാകും

