സുരേഷിന്റെ വീട് പോലീസ് ക്യാമ്പിനോട് ചേര്‍ന്ന്; മൃതദേഹം ഉന്തുവണ്ടിയില്‍ കൊണ്ടിട്ടത് 500 മീറ്റര്‍ ദൂരെ

പാലക്കാട്: മുട്ടിക്കുളങ്ങര കെ.എ.പി. രണ്ടാം ബറ്റാലിയനിലെ രണ്ട് പോലീസുകാര്‍ ഷോക്കേറ്റുമരിച്ച സംഭവത്തില്‍ പന്നിക്ക് വൈദ്യുത കെണി വെച്ചയാളെ പോലീസ് അറസ്റ്റുചെയ്തു. മുട്ടിക്കുളങ്ങര വാര്‍ക്കാട് തോട്ടക്കര വീട്ടില്‍ സുരേഷിനെയാണ് (49) ഹേമാംബിക നഗര്‍ പോലീസ് അറസ്റ്റുചെയ്തത്. സുരേഷിനെതിരേ ഇന്ത്യന്‍ ശിക്ഷാനിയമം 304 വകുപ്പുപ്രകാരമാണ് കേസെടുത്തത്. നരഹത്യ, തെളിവുനശിപ്പില്‍, വൈദ്യുതി ദുരുപയോഗം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളും ചുമത്തി. ഹേമാംബികനഗര്‍ ഇന്‍സ്പെക്ടര്‍ എ.സി. വിപിന്റെ നേതൃത്വത്തില്‍ സുരേഷിനെ വീട്ടിലെത്തിച്ച് തെളിവെടുത്തു. സുരേഷ് വീട്ടുപറമ്പില്‍ കാട്ടുപന്നിയെ പിടികൂടാനായി ഒരുക്കിയ വൈദ്യുത കെണിയില്‍, മീന്‍ പിടിക്കാന്‍ അതുവഴിയിറങ്ങിയ പോലീസുകാര്‍ കുടുങ്ങിയെന്നാണ് പോലീസ് കണ്ടെത്തല്‍. കാട്ടുപന്നിയെ വൈദ്യുത കെണിവെച്ച് പിടികൂടിയതിന് സുരേഷിനെതിരേ 2016-ല്‍ വനംവകുപ്പ് കേസെടുത്തിട്ടുണ്ടെന്നും കോടതിയില്‍ വിചാരണ നടക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
കെ.എ.പി. ക്യാമ്പിലെ ഹവില്‍ദാര്‍മാരായ എലവഞ്ചേരി കുമ്പളക്കോട് കുഞ്ഞുവീട്ടില്‍ മാരിമുത്തുവിന്റെ മകന് അശോക് കുമാര്‍ (35), തരൂര്‍ അത്തിപ്പൊറ്റ കുണ്ടുപറമ്പ് വീട്ടില്‍ പരേതനായ കെ.സി. മാങ്ങോടന്റെ മകന് എം. മോഹന്‍ദാസ് (36) എന്നിവരാണ് ഷോക്കേറ്റുമരിച്ചത്. വ്യാഴാഴ്ചരാവിലെ ഒമ്പതുമണിയോടെ ക്യാമ്പിന് പിറകുവശത്തുള്ള വയലിലാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തില്‍ ഇരുവരുടെയും മരണകാരണം ഷോക്കേറ്റതാണെന്ന് വ്യക്തമായിരുന്നു

