വിസ്മയ കേസില്‍ വിധി ഇന്ന്

വിസ്മയ
കൊല്ലം: ഭര്‍ത്തൃപീഡനത്തെ തുടര്‍ന്ന് ബി.എ.എം.എസ്. വിദ്യാര്‍ഥിനി വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി തിങ്കളാഴ്ച വിധി പറയും. വിസ്മയയുടെ ഭര്‍ത്താവ് മുന്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കിരണ്‍കുമാറാണ് കേസിലെ പ്രതി.
നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കേരളം ഏറെ ചര്‍ച്ചചെയ്ത കേസില്‍ കോടതി വിധി പറയുന്നത്. ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടര്‍ന്ന് 2021 ജൂണ്‍ 21-ന് ഭര്‍ത്തൃഗൃഹത്തില്‍ വിസ്മയ ആത്മഹത്യ ചെയ്തെന്നാണ് കേസ്. സ്ത്രീധനമായി നല്കിയ കാറില്‍ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വര്‍ണം ലഭിക്കാത്തതിനാലും പീഡിപ്പിച്ചതായി ഭര്‍ത്താവ് കിരണ്‍കുമാറിനെതിരേയാണ് കേസ്.
2020 മേയ് 30-നാണ് ബി.എ.എം.എസ്. വിദ്യാര്‍ഥിനിയായിരുന്ന വിസ്മയയെ മോട്ടോര്‍വാഹനവകുപ്പില്‍ എ.എം.വി.ഐ. ആയിരുന്ന കിരണ്‍കുമാര്‍ വിവാഹം കഴിച്ചത്. സ്ത്രീധനപീഡനം, ആത്മഹത്യാപ്രേരണ, പരിക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, സ്ത്രീധനം ആവശ്യപ്പെടല്‍ എന്നീ കുറ്റകൃത്യങ്ങള്‍ കിരണ്‍കുമാര്‍ ചെയ്തെന്നാണ് പ്രോസിക്യൂഷന് ആരോപണം.

