ഈ ഉപകാരം ഞങ്ങൾ ഒരിക്കലും മറക്കില്ല’; മുംബൈ ഇന്ത്യൻസിന് കോലിയുടെ നന്ദി

മുംബൈ ∙ ഐപിഎലിലെ അവസാന മത്സരത്തിൽ ഡൽഹിക്കെതിരെ മുംബൈ നേടിയ വിജയത്തിന്റെ ആഘോഷം മുഴുവൻ ശനിയാഴ്ച രാത്രി റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ടീം ക്യാംപിലായിരുന്നു. ഡൽഹിയെ മറികടന്ന് പ്ലേഓഫിലെത്താൻ മുംബൈയുടെ ജയം അനിവാര്യമായിരുന്ന ബാംഗ്ലൂർ ടീം, ആകാംക്ഷയോടെ ടെലിവിഷനു മുൻപിൽ നിലയുറപ്പിച്ചു. മുംബൈ വിജയമുറപ്പിച്ചപ്പോൾ ബാംഗ്ലൂർ ക്യാംപിലെ ആവേശം അണ പൊട്ടിയൊഴുകി.
വിരാട് കോലിയുടെയും ഗ്ലെൻ മാക്സ്‌വെലിന്റെയും നേതൃത്വത്തിലായിരുന്നു ആഘോഷ പ്രകടനങ്ങൾ. മത്സരം ആർസിബി താരങ്ങൾ ടെലിവിഷനിൽ കാണുന്നതിന്റെ ദൃശ്യങ്ങൾ ടീം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത് ആരാധകർക്കു കൗതുകമായി.‘നന്ദി മുംബൈ, ഈ ഉപകാരം ഞങ്ങൾ മറക്കില്ല’ എന്നായിരുന്നു മത്സരശേഷം കോലിയുടെ പ്രതികരണം.

