വീണ്ടും ചോദ്യപ്പേപ്പര്‍ വിവാദം; കണ്ണൂര്‍ സര്‍വകലാശാലയില്‍ അഞ്ചാം തവണയും ചോദ്യപേപ്പര്‍ ആവര്‍ത്തനം

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ (Kannur University) തുടര്‍ച്ചയായി അഞ്ചാമതും കഴിഞ്ഞ കൊല്ലത്തെ ചോദ്യപേപ്പര്‍ (Question Paper) ആവര്‍ത്തിക്കുമ്ബോഴും പഴയ സംഭവങ്ങളില്‍ ഇനിയും നടപടിയുണ്ടായില്ല. സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വച്ചൊഴിഞ്ഞു എന്നല്ലാതെ കുറ്റക്കാര്‍ക്കെതിരെ നടപടി എടുത്തില്ല. ഗവര്‍ണര്‍ നേരിട്ട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയുള്ള പരീക്ഷകളില്‍ ചോദ്യപ്പേപ്പര്‍ ആവര്‍ത്തിക്കുമ്ബോഴും സര്‍വകലാശാല ഇരുട്ടില്‍ തപ്പുകയാണ്.
ആദ്യം സൈക്കോളജി ബിരുദ പരീക്ഷയുടെ മൂന്ന് പേപ്പറുകള്‍, പിന്നീട് ബോട്ടണി ബിരുദ പരീക്ഷയുടെ ഒരു പേപ്പര്‍, ഇപ്പോള്‍ ഗണിത ശാസ്ത്ര ബിരുദാനന്തര ബിരുദ പരീക്ഷയുടെ ഒരു പേപ്പര്‍. കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ കഴിഞ്ഞ കൊല്ലത്തെ ചോദ്യപേപ്പര്‍ ഇക്കൊല്ലത്തെ പരീക്ഷകളില്‍ ആവര്‍ത്തിക്കുന്നത് തുടര്‍ക്കഥയാവുകയാണ്. ആദ്യ പരീക്ഷകളില്‍ സംഭവിച്ച വീഴ്ചകള്‍ അന്വേഷിച്ച രണ്ട് അംഗ സമിതി റിപ്പോര്‍ട്ട് മെയ് 10ന് സിന്‍റിക്കേറ്റില്‍ വച്ചെങ്കിലും വൈസ് ചാന്‍സിലര്‍ ഒന്നുകൂടെ അന്വേഷിക്കട്ടെ എന്ന നിലപാടാണ് അന്ന് സിന്‍റിക്കേറ്റെടുത്തത്. വിവാദമാകുമ്ബോള്‍ പരീക്ഷ റദ്ദാക്കുകയും പേരിന് ഒരു അന്വേഷണം പ്രഖ്യാപിക്കും എന്നല്ലാതെ മറ്റൊരു നടപടിയും ഇല്ല. വൈസ് ചാന്‍സിലര്‍ ഗോപിനാഥ് രവീന്ദ്രനാകട്ടെ പരീക്ഷ കണ്‍ട്രോളറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന പതിവ് പല്ലവി ആവര്‍ത്തിക്കുകയും ചെയ്യും. നേരത്തെ കോടതി മരവിപ്പിച്ച ബോര്‍ഡ് ഓഫ് സ്റ്റഡീസ് തയ്യാറാക്കിയ ലിസ്റ്റിലെ അധ്യാപകര്‍ തന്നെയാണ് വിവാദങ്ങള്‍ തുടരുമ്ബോഴും ചോദ്യങ്ങള്‍ തയ്യാറാക്കുന്നത്.
ബെംഗളൂരു സര്‍വ്വകലാശാലയുടെ ബികോം സിലബസ് അതേപടി കോപ്പിയടിച്ച് ബി ബി എ സിലബസ് തയ്യാറാക്കിയ സംഭവവും സര്‍വകലാശാലയില്‍ ഉണ്ടായി. ആറാം സെമസ്റ്റര്‍ ഫിസിക്സ് ബിരുദ പരീക്ഷയില്‍ സിലബസിന് പുറത്ത് നിന്നുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയതും വലിയ വീഴ്ചയായി. പരീക്ഷ നടത്തിപ്പിലെ ഗുരുതര പ്രശ്നങ്ങളില്‍ ഗവര്‍ണര്‍ ഇടപെടുമെന്ന് അറിയിച്ചിരുന്നെങ്കിലും കണ്ണൂര്‍ സര്‍വകലാശാലയിലെ വീഴ്ചകള്‍ ആവര്‍ത്തിച്ച് കൊണ്ടേയിരിക്കുന്നു.

