അവള്‍ക്കും സ്വപ്നങ്ങളുണ്ടായിരുന്നു, സ്ത്രീധനഭീഷണി എല്ലാം തകര്‍ത്തു; പ്രതികരിക്കാതെ കിരണിന്റെ കുടുംബം

കൊല്ലം: കിരണിന് ശിക്ഷ ഉറപ്പാക്കാന്‍ പ്രോസിക്യൂഷനെ ഏറെ സഹായിച്ചത് ഡിജിറ്റല്‍ തെളിവുകള്‍. വിസ്മയ, സഹോദരന്‍ വിജിത്തിന് അയച്ച വാട്സാപ്പ് സന്ദേശങ്ങള്‍ ക്രൂരപീഡനങ്ങള്‍ വിവരിക്കുന്നതായിരുന്നു. കിരണ്‍ അറിയാതെതന്നെ ഫോണില്‍ റെക്കോഡ് ചെയ്യപ്പെട്ട കോളുകളും അന്വേഷണത്തില്‍ നിര്‍ണായകമായി.
വിജിത്ത്, ഭാര്യ ഡോ. രേവതി, കിരണിന്റെ സഹോദരി കീര്‍ത്തി, പന്മന സ്വദേശിയായ സഹപാഠി തുടങ്ങിയവര്‍ക്ക് വിസ്മയ അയച്ച വാട്സാപ്പ് സന്ദേശങ്ങളും മര്‍ദനത്തിനും സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനത്തിനും തെളിവായി. ഒട്ടേറെ ഫോണുകള്‍ അന്വേഷണസംഘം പരിശോധിച്ച് രേഖകള്‍ വീണ്ടെടുത്തു. കിരണ്‍ സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നതായി ഇട്ടിവ സ്വദേശികളായ സുഹൃത്തുക്കളോടും കൈതോട്ടെ ബന്ധുക്കളോടും ഫോണിലൂടെയും പറഞ്ഞിരുന്നു.
കിരണിന്റെയും വിസ്മയയുടെയും ഫോണുകളില്‍നിന്നും ഒട്ടേറെ തെളിവുകള്‍ ലഭിച്ചു. വിസ്മയയുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് കിരണ്‍ ബ്ലോക്ക് ചെയ്യിക്കുകയും ഫോണ്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ഫോണുകളും ലാപ്‌ടോപ്പും പരിശോധിക്കാനുള്ള പോലീസിന്റെ നീക്കം തടയാനും കിരണ്‍ ശ്രമിച്ചു. പിന്നീടാണ് പാസ്വേഡുകള്‍ കിരണ്‍ പോലീസിന് കൈമാറിയത്

