നടിയെ ആക്രമിച്ച കേസ്: കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം സമയം ആവശ്യപ്പെടും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്പിക്കാന് അന്വേഷണ സംഘം സമയം ആവശ്യപ്പെടും. നടിയുടെ ഹരജിയില്‍ ഇന്ന് ഹൈക്കോടതി നിലപാടനുസരിച്ച് തുടര്‍നടപടി സ്വീകരിക്കാനാണ് തീരുമാനം. ഇന്ന് ഇടക്കാല ഉത്തരവുണ്ടായില്ലെങ്കില്‍ പ്രത്യേക ഹരജി നല്‍കും. ഈ മാസം 30ന് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയായിരുന്നു നടി കോടതിയെ സമീപിച്ചത്.
ഇന്നലെ ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബഞ്ചില്‍ കേസ് ലിസ്റ്റ് ചെയ്തെങ്കിലും നടിയുടെ ആവശ്യപ്രകാരം ജഡ്ജി പിന്മാറിയിരുന്നു. ഇന്ന് ഹരജി ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചില്‍ പരിഗണക്കെത്തും.
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പാതിവഴിയില്‍ അവസാനിപ്പിക്കാനും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും രാഷ്ട്രീയ ഉന്നതര്‍ അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ചാണ് അക്രമത്തിനിരയായ നടി ഹരജി നല്‍കിയത്. തന്നെ ആക്രമിച്ചു പകര്‍ത്തിയ ദ്യശ്യങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം വേണമെന്നും നടി ആവശ്യപ്പെട്ടിരുന്നു. നേരത്തെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായിരുന്ന കൗസര്‍ എടപ്പഗത്തിന്റെ ഓഫീസില്‍ നിന്നാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചോര്‍ന്നതെന്ന സംശയം നടി പ്രകടിപ്പിച്ചിരുന്നു.
കേസന്വേഷിക്കുന്ന പൊലീസ് സംഘം ഇവിടുത്തെ ജീവനക്കാരെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ഹൈക്കോടതിയില്‍ താന്‍ നല്കിയ ഹരജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബഞ്ചില്‍ പരിഗണനയ്ക്കെത്തരുതെന്ന് ആവശ്യപ്പെട്ട് നടി രജ്സറ്റാര്‍ക്ക് അപേക്ഷ നല്കി. തുടര്‍ന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് കേസില്‍ നിന്നും പിന്മാറി. ഹൈക്കോടതിയുടെ മേല്‍നോട്ടമില്ലെങ്കില്‍ തുടരന്വേഷണം ശരിയായ വിധം നടക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടി ഹരജി നല്‍കിയിരിക്കുന്നത്. തുടരന്വേഷണ റിപ്പോര്‍ട്ട് മെയ് 30നകം നല്കാന് അന്വേഷണ സംഘം നീക്കം നടത്തുന്നതിനിടെയാണ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് നടി ഹരജി നല്‍കിയിരിക്കുന്നത്.

