ഓട്ടം പോകുന്ന വീടുകള്‍ നോക്കിവെക്കും, മോഷണം; നാലുവര്‍ഷമായി മുങ്ങിനടന്ന പ്രതി പിടിയില്‍

മാനന്തവാടി: നാലുവര്‍ഷമായി മുങ്ങിനടക്കുകയായിരുന്ന മോഷണക്കേസ് പ്രതിയെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി അഞ്ചാംമൈല്‍ കുനിയില്‍ അയൂബ് (41) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് മോഷണമുതലുകള്‍ വാങ്ങിയിരുന്ന കോഴിക്കോട് പന്നിയങ്കര ബിച്ച മന്‍സിലില്‍ അബ്ദുള്‍ നാസറിനെയും (ആഷിക്ക്-54) പോലീസ് അറസ്റ്റു ചെയ്തു. കളമശ്ശേരി പോലീസിന്റെ സഹായത്തോടെ എറണാകുളത്തു നിന്നാണ് അയൂബിനെ ബുധനാഴ്ച മാനന്തവാടി പോലീസ് കസ്റ്റഡിയിലെടുത്തത്. അബ്ദുള്‍ നാസറിനെ കോഴിക്കോട്ടുനിന്നും പിടികൂടി.
2018-ല്‍ അഞ്ചാംമൈലിലെ കാട്ടില്‍ ഉസ്മാന്റെ വീട്ടില്‍നിന്ന് 30 പവന് മോഷ്ടിച്ച കേസില്‍ പ്രതിയായതോടെയാണ് അയൂബ് നാടുവിട്ടത്. ഇതേവര്‍ഷം എടവക ചുണ്ടമുക്കിലെ അടുവാട്ട് കുഞ്ഞബ്ദുള്ളയുടെ വീട്ടില്‍ നിന്നും ഇരുപത്തിയെട്ടര പവന് സ്വര്‍ണവും മോഷ്ടിച്ചിരുന്നു. ഓട്ടോഡ്രൈവറായിരുന്ന അയൂബ് ഓട്ടംപോകുന്ന വീടുകള്‍ നോക്കിവെച്ച ശേഷം മോഷണം നടത്തുന്നരീതിയാണ് സ്വീകരിച്ചതെന്ന് പോലീസ് പറഞ്ഞു. മോഷണത്തിനുള്ള സാമഗ്രികളും വാഹനത്തില്‍ സൂക്ഷിച്ചിരുന്നു. പോലീസ് പിന്തുടരുന്നുണ്ടെന്ന സംശയം തോന്നിയ അയൂബ് കോഴിക്കോട്ടേക്കാണ് ആദ്യം നാടുവിട്ടത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിലായി പല ജോലികളില്‍ ഏര്‍പ്പെട്ടു. ഇതിനിടെയാണ് അയൂബ് എറണാകുളത്തുണ്ടെന്ന വിവരം മാനന്തവാടി ഡിവൈ.എസ്.പി. എ.പി. ചന്ദ്രനു ലഭിച്ചത്. മാനന്തവാടി ഇന്‍സ്പെക്ടര്‍ എം.എം. അബ്ദുള്‍കരീം, എസ്.ഐ. ബിജു ആന്റണി വെള്ളമുണ്ട സ്റ്റേഷനിലെ എ.എസ്.ഐ. ബിജു വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് പോലീസ് പിന്നീട് അന്വേഷണം നടത്തിയത്. അയൂബിനെ ഏറെനാളുകള്‍ നിരീക്ഷിച്ചശേഷമാണ് പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
2006-ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്റ്റേഷനില്‍ അയൂബിന്റെ പേരില്‍ മോഷണക്കേസ് രജിസ്റ്റര്‍ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. 2014-ല്‍ അഞ്ചാംമൈലിലെ നുച്യന്‍ മൊയ്തുവിന്റെ വീട്ടില്‍നിന്ന് പത്തര പവനും ഒന്നേമുക്കാല്‍ ലക്ഷംരൂപയും കവര്‍ന്ന കേസിലും പുതുശ്ശേരിക്കടവിലെ അബ്ദുള്ളയുടെ വീട്ടില്‍നിന്ന് എട്ടുപവന്‍ കവര്‍ന്ന കേസിലും അയൂബ് പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

