KSDLIVENEWS

Real news for everyone

തൃക്കാക്കരയിൽ കനത്ത പോളിങ് ; ആദ്യ രണ്ട് മണിക്കൂറിൽ 12.13 ശതമാനം പോളിങ്; ആത്മ വിശ്വാസത്തോടെ മുന്നണികൾ

SHARE THIS ON

കൊച്ചി: ഒരു മാസം നീണ്ട വീറുംവാശിയും നിറഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവില്‍ തൃക്കാക്കരയിലെ വോട്ടര്‍മാര്‍ ഇന്ന് വിധിയെഴുതുന്നു.. രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. വൈകിട്ട് 6 മണി വരെയാണ് പോളിങ്. രാവിലെ ആറിന് മോക് പോളിങ് നടത്തി. ചില ബൂത്തുകളില്‍ വോട്ടിങ്‌ മെഷീനില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിവരികയാണ്. ചിലയിടത്ത് തകരാര്‍ പരിഹരിച്ചിട്ടുണ്ട്.


1,96,805 വോട്ടര്‍മാരാണ് തൃക്കാക്കരയിലുള്ളത്‌. ആകെയുള്ള 239 ബൂത്തുകളില്‍ അഞ്ചണ്ണം മാതൃകാ ബൂത്തുകളാണ്. പൂര്‍ണ്ണമായും വനിതകള്‍ നിയന്ത്രിക്കുന്ന ഒരു ബൂത്തും ഒരുക്കിയിട്ടുണ്ട്.

956 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. കള്ളവോട്ട് തടയാന്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു.

മഹാരാജാസ് കോളജിലാണ് സ്ട്രോങ്ങ് റൂം ഒരുക്കിയിട്ടുള്ളത്. മണ്ഡലത്തില്‍ പ്രശ്ന ബാധിത ബൂത്തുകളോ പ്രശ്ന സാധ്യതാ ബൂത്തുകളോയില്ല. എങ്കിലും കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. സംസ്ഥാനമാകെ ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ വിധിയറിയാന്‍ വെള്ളിയാഴ്ച വരെ കാത്തിരിക്കണം. ആത്മവിശ്വാസമുണ്ടെന്നും തൃക്കാക്കരയിലെ ജനത തന്നെ അംഗീകരിക്കുമെന്നും യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ് പ്രതികരിച്ചു. തൃക്കാക്കരയില്‍ സെഞ്ചുറി തികയ്ക്കുമെന്ന പൂര്‍ണ്ണവിശ്വാസമുണ്ടെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫും പറഞ്ഞു. തൃക്കാക്കരയില്‍ അട്ടിമറി ജയം നേടുമെന്നാണ് എന്‍ഡിഎ സ്ഥാനാര്‍ഥി എ.എന്‍.രാധാകൃഷ്ണന്റെ അവകാശവാദം.

119-ാം നമ്പര്‍ ബൂത്ത് വനിതകള്‍ നയിക്കും

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ആകെയുള്ള 239 ബൂത്തുകളില്‍ വേറിട്ട ബൂത്തില്‍ത്തന്നെ നിയോഗിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് അഞ്ച് വനിതകള്‍.

119-ാം നമ്പര്‍ ബൂത്തായ തൃക്കാക്കര ഇന്‍ഫന്റ് ജീസസ് എല്‍.പി.എസ്. ആണ് അപൂര്‍വ ബൂത്തായിട്ടുള്ളത്. മുഴുവന്‍ പോളിങ് ജീവനക്കാരും വനിതകളായിട്ടുള്ള ഒരേയൊരു ബൂത്ത് ഇവിടെയാണ്. പോളിങ് ബൂത്തിന്റെയും ഉദ്യോഗസ്ഥരുടെയും ചുമതല നല്‍കിയിട്ടുള്ളതും ഒരു വനിതയ്ക്കുതന്നെയാണ്. ആലുവ യു.സി. കോളേജിലെ രസതന്ത്രം അധ്യാപിക ഡോ. നീതുമോള്‍ വര്‍ഗീസ്, മരട് നഗരസഭാ ജൂനിയര്‍ സൂപ്രണ്ട് പി.പി. ജൂഡി, അങ്കമാലി ബ്ലോക്ക് പഞ്ചായത്തില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറായ എ. ശീതള, സൗത്ത് വാഴക്കുളം ജി.എച്ച്.എസ്.എസിലെ ഇംഗ്ലീഷ് അധ്യാപികയായ എം.പി. റൂബിയ എന്നിവരെയാണ് ഇവിടെ നിയോഗിച്ചിട്ടുള്ളത്.

വനിതാ സെല്ലിലെ ഉദ്യോഗസ്ഥയായ പി.എസ്. അമ്പിളിക്കാണ് സുരക്ഷാ ചുമതല. മഹാരാജാസ് കോളേജിലെ വോട്ടെടുപ്പ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തിലെത്തിയപ്പോഴായിരുന്നു ഒപ്പമുള്ളത് മുഴുവന്‍ വനിതകളാണെന്ന് അഞ്ചുപേരും അറിഞ്ഞത്. പ്രിസൈഡിങ് ഓഫീസറായ നീതുമോളും ഫസ്റ്റ് പോളിങ് ഓഫീസറായ ജൂഡിയും ചേര്‍ന്നായിരുന്നു വോട്ടിങ് യന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഏറ്റുവാങ്ങിയത്. അപ്പോഴും മണ്ഡലത്തിലെ ഒരേയൊരു വനിതാ ബൂത്താണ് തങ്ങളുടേതെന്ന് ഇവര്‍ക്ക് അറിയില്ലായിരുന്നു. ഏക പിങ്ക് ബൂത്ത് ആണെന്ന് അറിഞ്ഞതോടെ ആദ്യം അമ്പരപ്പായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!