ബെല്ലടിക്കുമ്പോള്‍ ചങ്കിടിക്കുന്നവരുമുണ്ട്; രണ്ട് വര്‍ഷത്തിനുശേഷം വിദ്യാലയമുറ്റങ്ങള്‍ വീണ്ടും സജീവമാവുകയാണ്

രണ്ട് വര്‍ഷത്തിനുശേഷം വിദ്യാലയമുറ്റങ്ങള്‍ വീണ്ടും സജീവമാവുകയാണ്. കോവിഡ് പ്രതിസന്ധിയില്‍ നഷ്ടമായ അക്കാദമിക കാലം തിരികെപ്പിടിക്കാനുള്ള കഠിന പ്രയത്നത്തിലാണ് വിദ്യാര്‍ഥികളും അധ്യാപകരും സര്‍ക്കാരും. കോവിഡ് കാലത്തിന് മുന്‍പുള്ള സ്കൂളുകളിലേക്കല്ല കുട്ടികള്‍ തിരികെയെത്തുന്നത്. അധ്യാപകര്‍ക്കായാലും കുട്ടികള്‍ക്കായാലും ആ സാഹചര്യവും രീതികളുമല്ല. കോവിഡിനൊപ്പം നടക്കാന്‍ നമ്മള് തീരുമാനിച്ചതിന്റെ കൂടി ഭാഗമായിരുന്നു നവംബറിലെ സ്കൂള്‍ തുറക്കല്‍. നിര്ബന്ധമല്ലാതിരുന്നത് കൊണ്ട് തന്നെ ചില കുട്ടികളെങ്കിലും ഓണ്‍ലൈന്‍ പഠനം തുടര്‍ന്നു. എന്നാൽ ജൂണ്‍ ഒന്നുമുതല്‍ മുഴുവന്‍ കുട്ടികളും മുഴുവന്‍ സമയവും ഒരുമിച്ചെത്തുകയാണ് സ്കൂളില്‍.
സ്കൂളുകളുടെ അറ്റകുറ്റപ്പണികള്‍, കുട്ടികള്‍ക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും, യൂണിഫോം വിതരണം, വാക്സിനേഷന് യജ്ഞം.. എല്ലാ തരത്തിലുള്ള ഒരുക്കങ്ങളും അന്തിമഘട്ടത്തിലാണെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു കഴിഞ്ഞു. അക്കാദമിക നിലവാരം ഉയര്‍ത്തുക, ഭിന്നശേഷി സൗഹൃദമാകുക എന്നിവയാണ് ഇത്തവണ പ്രധാനമായും വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യം വെയ്ക്കുന്നത്. കുട്ടികള്‍ക്കുള്ള മെഗാ വാക്സിനേഷന് ഡ്രൈവും മെയ് 26,27,28 തിയ്യതികളിലായി നടന്നു

