കോണ്‍ഗ്രസിലെ തര്‍ക്കം മുതലെടുക്കാന്‍ ബിജെപി; രാജ്യസഭയിലേക്ക് രണ്ട് സംസ്ഥാനങ്ങളില്‍ അധിക സ്ഥാനാര്‍ഥി

ന്യൂഡല്‍ഹി: രാജ്യസഭാ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ കോണ്‍ഗ്രസിലുണ്ടായ പ്രശ്‌നങ്ങള്‍ മുതലെടുക്കാന്‍ ബി.ജെ.പി. രാജസ്ഥാനില്‍ സ്വതന്ത്രനായി രണ്ടാംസ്ഥാനാര്‍ഥിയെയും മഹാരാഷ്ട്രയില്‍ മൂന്നാംസ്ഥാനാര്‍ഥിയെയും നിര്‍ത്തിയാണ് കരുനീക്കം. കുതിരക്കച്ചവടത്തിന് ശ്രമിക്കലാണിതെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത് ആരോപിച്ചു.
രാജസ്ഥാനില്‍ എല്ലാസ്ഥാനാര്‍ഥികളും സംസ്ഥാനത്തിന് പുറത്തുനിന്നായതിനാല്‍ കോണ്‍ഗ്രസില്‍ അസ്വസ്ഥത പുകയുകയാണ്. പുറമേ, മുഖ്യമന്ത്രി അശോക് ഗഹ്ലോതും യുവനേതാവ് സച്ചിന്‍ പൈലറ്റും തമ്മിലുള്ള വടംവലിയും മുറുകി. ഇതുമുതലെടുക്കലാണ് ബി.ജെ.പി. ലക്ഷ്യം. എസ്സെല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനായ മാധ്യമമേധാവി സുഭാഷ് ചന്ദ്രയെ അവസാനനിമിഷം രാജസ്ഥാനില്‍ ബി.ജെ.പി. സ്വതന്ത്രനായി രംഗത്തിറക്കി. സംസ്ഥാനത്ത് നാലു ഒഴിവുകളാണുള്ളത്.
അംഗസംഖ്യപ്രകാരം കോണ്‍ഗ്രസിന് രണ്ടുസീറ്റും ബി.ജെ.പി.ക്ക് ഒന്നും ലഭിക്കും. മുകുള്‍ വാസ്നിക്, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരെ ആദ്യ രണ്ടുസീറ്റിലേക്കും പ്രമോദ് തിവാരിയെ മൂന്നാംസീറ്റിലേക്കുമാണ് കോണ്‍ഗ്രസ് നിശ്ചയിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള പ്രമോദ് തിവാരിയെ തഴയാന്‍ കോണ്‍ഗ്രസിനൊപ്പംനില്‍ക്കുന്ന കക്ഷികളെ പ്രേരിപ്പിക്കാനാണ് ബി.ജെ.പി. സീ ടി.വി. മേധാവി കൂടിയായ സുഭാഷ് ചന്ദ്രയെ കളത്തിലിറക്കിയത്.

