KSDLIVENEWS

Real news for everyone

വിജയ് ബാബു കൊച്ചിയിലെത്തി, ഹർജി പരി​ഗണിക്കുന്നത് വ്യാഴാഴ്ച

SHARE THIS ON

ലൈം​ഗിക പീഡനാരോപണത്തിൽ അന്വേഷണം നേരിടുന്ന നടനും നിർമാതാവുമായ വിജയ് ബാബു കൊച്ചിയിൽ തിരിച്ചെത്തി. ദുബായിൽ നിന്നാണ് അദ്ദേഹം കേരളത്തിലെത്തിയത്. നടിയെ ബലാത്സം​ഗം ചെയ്തെന്ന കേസിൽ നാട്ടിലെത്തുന്നതിന് നടന് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു

കേസിൽ വിജയ് ബാബുവിന്റെ ഹർജി വ്യാഴാഴ്ചയാണ് കോടതി പരി​ഗണിക്കുന്നത്. വിജയ് ബാബുവിന്റെ അറസ്റ്റ് വിലക്കിക്കൊണ്ട് കഴിഞ്ഞദിവസമാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചത്. പ്രതി കേരളത്തിലേക്ക് എത്തുന്നതാണ് ഇരയ്ക്കും പ്രതിക്കും അന്വേഷണത്തിനും ഗുണകരമെന്ന് വിലയിരുത്തിയായിരുന്നു ഈ നടപടി.

ബുധനാഴ്ച ദുബായിൽനിന്ന് കൊച്ചിയിലേക്ക് ബുക്ക് ചെയ്ത വിമാന ടിക്കറ്റിന്റെ പകർപ്പ് വിജയ് ബാബുവിന്റെ അഭിഭാഷകൻ കോടതിക്ക്‌ കൈമാറിയിരുന്നു. എത്തിയാൽ ഉടൻ അന്വേഷണോദ്യോഗസ്ഥനുമുന്നിൽ ഹാജരാകണം. അറസ്റ്റ് വിലക്കിയിട്ടുണ്ടെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് ചോദ്യംചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്.

പ്രതിയെ അറസ്റ്റുചെയ്യരുതെന്ന നിർദേശം ബ്യൂറോ ഓഫ് ഇമിഗ്രേഷനെ അറിയിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പരാതിക്കാരി ഉന്നയിച്ച ആരോപണത്തിലേക്ക് കടക്കാതെയാണ് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. പ്രതി നാട്ടിലെത്തിയശേഷമാകും ആരോപണങ്ങൾ പരിശോധിക്കുക. ഇടക്കാല മുൻകൂർ ജാമ്യം അനുവദിക്കുന്നതിനെ അഡീഷണൽ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഗ്രേഷ്യസ് കുര്യാക്കോസ് ശക്തമായി എതിർത്തു. കേസ് എടുത്തതിനെ തുടർന്നാണ് ദുബായിലേക്ക് കടന്നതെന്നും ഇപ്പോൾ തിരികെയെത്താൻ കോടതിക്കുമുന്നിൽ ഉപാധികൾ വെക്കുകയാണെന്നും വാദിച്ചു. എന്നാൽ, കേസെടുത്ത് ഒരു മാസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

സെലിബ്രിറ്റി എന്നൊക്കെ അവകാശപ്പെടുന്നുണ്ടെങ്കിലും എല്ലാ പ്രതികളും കോടതിക്കുമുന്നിൽ സമന്മാരാണെന്ന് വിജയ് ബാബുവിനെ കോടതി ഓർമിപ്പിച്ചു. വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യ ഹർജിയെ എതിർത്ത് നടിയും കക്ഷിചേർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!