KSDLIVENEWS

Real news for everyone

ജോ ജോസഫ് ജയിക്കും, സതീശന്റെ നിലപാടില്‍ പ്രതിഷേധിച്ച് ധാരാളംപേര്‍ സി.പി.എമ്മിലെത്തും- കെ.വി. തോമസ്

SHARE THIS ON

കൊച്ചി: തൃക്കാക്കരയില്‍ പോളിങ് കുറഞ്ഞത് എല്‍.ഡി.എഫിന് ഗുണമായേക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ്. ജോ ജോസഫ് കംഫര്‍ട്ടബിള്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉമാ തോമസ് തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടിയിരുന്നില്ല. പി.ടി. തോമസിന്റെ നിലപാടുകള്‍ക്ക് വിരുദ്ധമാണ് ഉമയുടെ സ്ഥാനാര്‍ഥിത്വം. വി.ഡി. സതീശന്റെ നിലപാടിനോടു പ്രതിഷേധിച്ച് കൂടുതല്‍ പേര്‍ കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ ചേരുമെന്നും തോമസ് മാതൃഭൂമി ന്യൂസിനോടു പറഞ്ഞു.

എന്‍.ഡി.എ. ജയിക്കില്ല. അത് വോട്ടര്‍മാര്‍ക്ക് അറിയാം. അതാണ് അവരുടെ നെഗറ്റീവ് പോയിന്റ്. രാധാകൃഷ്ണന്‍ നല്ലൊരു നേതാവാണ്. നിയോജകമണ്ഡലത്തില്‍ അറിയുന്ന ആളാണ്. ഒരുപാട് ബന്ധങ്ങളുണ്ട്. പക്ഷെ, രാധാകൃഷ്ണന്‍ ജയിക്കില്ല എന്ന് എല്ലാവര്‍ക്കും അറിയാം. തോല്‍ക്കുന്ന സ്ഥാനാര്‍ഥിക്ക് ആരെങ്കിലും വോട്ട് ചെയ്യുമോ, തോമസ് ചോദിച്ചു.

ട്വന്റി 20 യുടെ വോട്ടിന്റെ കാര്യത്തില്‍ അവര്‍ ആദ്യം എടുത്ത സമീപനമല്ല പിന്നീട് എടുത്തത്. ആദ്യം യു.ഡി.എഫിന് വോട്ട് ചെയ്യുമെന്നാണ് പറഞ്ഞത്. അങ്ങനെ ചെയ്യാവുന്നത് 3,000-5,000 വോട്ടാണ്. പക്ഷെ, പിന്നീട് അത് മാറി. ട്വന്റി 20 യുടെ വോട്ട് എല്‍.ഡി.എഫിന് കിട്ടുമെന്നാണ് തന്റെ ധാരണയെന്നും കെ.വി. തോമസ് കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിലെ ആഭ്യന്തരവിഷയങ്ങള്‍ തിരഞ്ഞെടുപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്. പല മുതിര്‍ന്ന നേതാക്കളും തിരഞ്ഞെടുപ്പില്‍നിന്ന് അല്‍പം മാറിനിന്നു. കാരണം അവര്‍ക്ക് അതില്‍ ഇന്‍വോള്‍വ്‌മെന്റില്ല. പ്രതിപക്ഷ നേതാവിന്റെ ഏകപക്ഷീയമായ സമീപനമാണ്. തിരഞ്ഞെടുപ്പുകാലത്ത് അങ്ങനെ ആരെയും താന്‍ പ്രോത്സാഹിപ്പിച്ചിട്ടില്ല. പക്ഷേ, തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ധാരാളം കോണ്‍ഗ്രസുകാര്‍ പാര്‍ട്ടി വിട്ടു സി.പി.എമ്മിലേക്ക് പോകാന്‍ തയ്യാറായി നില്‍ക്കുകയാണെന്നും കെ.വി. തോമസ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!