കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ച് ഉമ; ആഞ്ചാം റൗണ്ടില്‍ ലീഡ് പതിനായിരം കടന്നു

കൊച്ചി: തൃക്കാക്കരയില്‍ കുതിപ്പ് തുടർന്ന് യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ്. വോട്ടെണ്ണല്‍ അഞ്ചാം റൗണ്ടിലേക്ക് കടന്നപ്പോള്‍ ഉമയുടെ ലീഡ് പതിനായിരം കടന്നു. ആദ്യ റൗണ്ട് മുതല്‍ത്തന്നെ പി.ടി തോമസ് കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ ലീഡ് ഉമാ തോമസിന് ലഭിച്ചിരുന്നു. എല്‍ഡിഎഫ് പ്രതീക്ഷകള്‍ തകർത്തുകൊണ്ടുള്ള ഈ മുന്നേറ്റം അഞ്ചാം റൗണ്ടിലും തുടരുകയാണ്.
എറണാകുളം മഹാരാജാസ് കോളേജിലാണ് വോട്ടെണ്ണല്‍. രാവിലെ 7.30-ന് സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ സ്‌ട്രോങ് റൂം തുറന്ന് വോട്ടിങ് യന്ത്രങ്ങള്‍ പുറത്തെടുത്തു. എട്ടുമണിയോടെ വോട്ടെണ്ണല്‍ തുടങ്ങി.
ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണിയത്. 10 പോസ്റ്റല്‍ ബാലറ്റുകള്‍ മാത്രമേയുള്ളൂ. മുഴുവന്‍ വോട്ടുകളും എണ്ണിത്തീരാന്‍ 12 റൗണ്ട് വേണം. ഒരു റൗണ്ടില്‍ 21 ബൂത്തുകളാണ് എണ്ണുക. ആദ്യ റൗണ്ടില്‍ ഓക്‌സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ ഒന്നു മുതല്‍ 15 വരെയുള്ള ബൂത്തുകളിലെ വോട്ടുകള്‍ എണ്ണും. തുടര്‍ന്ന് മറ്റ് ബൂത്തുകളിലെ വോട്ടുകള്‍ എണ്ണും. ഇത്തരത്തില്‍ 12 റൗണ്ടുകളുണ്ടാകും. ആദ്യ 11 റൗണ്ടുകളില്‍ 21 ബൂത്തുകള്‍ വീതവും അവസാന റൗണ്ടില്‍ എട്ട് ബൂത്തുകളും എണ്ണും. 239 ബൂത്തുകളാണ് തൃക്കാക്കര നിയോജകമണ്ഡലത്തിലുള്ളത്.

