മുഖ്യമന്ത്രിയും മന്ത്രിമാരും തമ്പടിച്ചിട്ടും പി.ടി.യുടെ ഉമയെ കൈ വിടാതെ തൃക്കാക്കര.


കൊച്ചി∙ പ്രചാരണ വിഷയം വികസനത്തില്‍നിന്ന് വര്‍ഗീയതയിലേക്കും പിന്നീട് വ്യക്തിഹത്യയിലേക്കും വഴിമാറിയ തൃക്കാക്കരയില്‍ പി.ടിയുടെ ഉമയ്ക്ക് വന്‍വിജയം. വോട്ടെണ്ണലിന്റെ എല്ലാ ഘട്ടങ്ങളിലും യുഡിഎഫിന്റെ തേരോട്ടമാണ് കാണാന്‍ കഴിഞ്ഞത്. ഒരു ഘട്ടത്തില്‍ പോലും ഒപ്പമെത്താനോ വെല്ലുവിളി ഉയര്‍ത്താൻ പോലുമോ കഴിയാതെ എല്‍ഡിഎഫ് പിന്നിലാകുകയും ചെയ്തു.

മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാന ഭരണസംവിധാനവും എല്ലാമായി കാടിളക്കി പ്രചരണം നടത്തിയിട്ടും തൃക്കാക്കര ഉമയ്ക്കൊപ്പം നിന്നു. അന്തരിച്ച എംഎൽഎ പി.ടി. തോമസിന്റെ ഭാര്യയെത്തന്നെ മണ്ഡലം നിലനിർത്താൻ കളത്തിലിറക്കിയ യുഡിഎഫിന് പിഴച്ചില്ലെന്നു മാത്രമല്ല മുൻ വിജയങ്ങളെ കവച്ചു വയ്ക്കുന്നതുമായി ഇത്തവണത്തെ നേട്ടം. വോട്ടെണ്ണൽ തുടങ്ങുന്നതു വരെ നേരിയ വിജയപ്രതീക്ഷ എൽഡിഎഫിന് ഉണ്ടായിരുന്നു എങ്കിൽ വോട്ടെണ്ണൽ തുടങ്ങിയതിനു ശേഷം ഒരുഘട്ടത്തിൽ പോലും യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിന് പിന്തിരിഞ്ഞു നോക്കേണ്ടി വന്നില്ല. കണക്കുകൾ പറയുന്നത്, പി.ടി നേടിയതിനേക്കാൾ വലിയ മുന്നേറ്റമാണ് ഉമ തുടക്കം മുതൽ പുലർത്തിയത് എന്നാണ്.

2021 ൽ ആദ്യ റൗണ്ട് വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ പി.ടി. തോമസിന്റെ ലീഡ് നില 1258 ആയിരുന്നെങ്കിൽ ഇത്തവണ അത് 2249 ആയി. രണ്ടാം റൗണ്ടിൽ പി.ടിക്ക് 1180 വോട്ട് ആയിരുന്നെങ്കിൽ ഉമ നേടിയത് 1867 വോട്ടുകൾ. കഴിഞ്ഞ വർഷം മൂന്നാം റൗണ്ടിൽ ലീഡ് 597 ആയിരുന്നെങ്കിൽ ഇത്തവണ അത് 2371 ആയിരുന്നു എന്നതു തന്നെ യുഡിഎഫ് നേടിയ മേൽക്കൈ വ്യക്തമാക്കുന്നതാണ്. ഈ ലീഡ് നില നിലനിർത്താൻ ഉമ തോമസിനായി. പലപ്പോഴും പി.ടിയുടെ ഓർമകളിൽ ഉമ വിതുമ്പിയപ്പോൾ അതിനെ അപഹസിച്ചു കൊണ്ടുള്ള സൈബർ പ്രചാരണമടക്കം തൃക്കാക്കരയിലെ വോട്ടർമാർ അത്ര ലഘുവായല്ല കണ്ടത് എന്നതും തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു തവണയും പി.ടിയെ വിജയിപ്പിച്ച മണ്ഡലം ഇത്തവണ അദ്ദേഹത്തിന്റെ പ്രിയഭാര്യയെ കൈവിട്ടില്ല എന്നു മാത്രമല്ല, മികച്ച ഭൂരിപക്ഷവും നൽകി.

