KSDLIVENEWS

Real news for everyone

തൃക്കാക്കരയിലൂടെ സഭയിലെത്തുന്നത് ഈ നിയമസഭയിലെ കോണ്‍ഗ്രസിന്റെ ആദ്യ വനിതാ എംഎല്‍എ

SHARE THIS ON

കൊച്ചി: തൃക്കാക്കര മണ്ഡല ചരിത്രത്തില്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ ജയിച്ച ഉമാ തോമസ് ഈ നിയമസഭയിലെ കോണ്‍ഗ്രസിന്റെ ആദ്യ വനിതാ എംഎല്‍എയായാണ് 15-ാം കേരള നിയമസഭയിലേക്ക് പടികയറുന്നത്. നിലവില്‍ കോണ്‍ഗ്രസ് നിരയില്‍ സഭയിലുള്ള 21 എംഎല്‍എമാരും (അന്തരിച്ച പി.ടി തോമസ് ഉള്‍പ്പെടെ) പുരുഷന്‍മാരായിരുന്നു. ഉപതിരഞ്ഞെടുപ്പ് വിജയത്തോടെ സഭയില്‍ ഒരു വനിതാ സാന്നിധ്യമെങ്കിലും ഉറപ്പാക്കാനും കോണ്‍ഗ്രസിന് സാധിച്ചു.


കോണ്‍ഗ്രസിന്റെ ആദ്യ വനിതാ എംഎല്‍എയാണെങ്കിലും യുഡിഎഫ് മുന്നണിയിലെ രണ്ടാമത്തെ വനിതാ ജനപ്രതിനിധിയാണ് ഉമാ തോമസ്. വടകര മണ്ഡലത്തില്‍ നിന്ന് സഭയിലേക്കെത്തിയ ആര്‍എംപി നേതാവ് കെ.കെ രമയാണ് മുന്നണിയിലെ മറ്റൊരു വനിത. എല്‍ഡിഎഫ് നിരയിലെ പത്ത് വനിതാ എംഎല്‍എമാര്‍ കൂടി ചേരുന്നതോടെ 15-ാം നിയമസഭയിലെ ആകെ വനിതാ പ്രാതിനിധ്യം 12 ആയി ഉയര്‍ന്നു. 13 വനിതകള്‍ വിജയിച്ച 1996ലെ തിരഞ്ഞെടുപ്പിന് ശേഷം സഭയിലെ ഏറ്റവും ഉയര്‍ന്ന വനിതാ പ്രാതിനിധ്യമാണിത്.

2016ല്‍ കേരളത്തിലെ വനിതാ എംഎല്‍എമാരുടെ എണ്ണം എട്ടായിരുന്നു. 2001ന് ശേഷം വനിതാ പ്രാതിനിധ്യം രണ്ടക്കം കടന്നതും എല്‍ഡിഎഫ് തുടര്‍ഭരണം നേടിയ 15-ാം നിയമസഭയിലാണ്. മത്സരിച്ച 103 വനിതാ സ്ഥാനാര്‍ഥികളിലാണ് അന്ന് 11 പേര്‍ ജയിച്ചത്. എന്നാല്‍ ഇതില്‍ ഒരാള്‍ പോലും കോണ്‍ഗ്രസുകാരിയായിരുന്നില്ലെന്നത് പാര്‍ട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കി. ഉമാ തോമസിന്റെ വിജയത്തോടെ ഈ ചീത്തപ്പേര് ഇല്ലാതാക്കാനും കോണ്‍ഗ്രസ് നേതൃത്തിന് സാധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!