മുഖ്യമന്ത്രി മാറിനിന്ന് അന്വേഷണം നേരിടണമെന്ന് വി.ഡി. സതീശൻ, ബുധനാഴ്ച കരിദിനം

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ബുധനാഴ്ച കരിദിനം ആചരിക്കും. വൈകുന്നേരം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കരിങ്കൊടികളുമായി മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തി കരിദിനം ആചരിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന് അറിയിച്ചു.
ജൂണ്‍ 10 വെള്ളിയാഴ്ച ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തും. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധിച്ചു. പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് ആറുതവണ ജലപീരങ്കി പ്രയോഗിച്ചു.
സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കണ്ണൂർ കലക്ടറേറ്റിലേക്കു നടത്തിയ യൂത്ത് കോൺഗ്രസ് മാർച്ചിനു നേരെയും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മുഖ്യമന്ത്രി മാറിനിന്ന് അന്വേഷണം നേരിടണമെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശന് ആവശ്യപ്പെട്ടു. ഉമ്മന്‍ ചാണ്ടിയോടു സ്വീകരിച്ച സമീപനം പിണറായിയോടും വേണമെന്നും സതീശന് ആവശ്യപ്പെട്ടു.

