KSDLIVENEWS

Real news for everyone

സരിതയെ വിളിക്കുന്നത് ‘ചക്കരപ്പെണ്ണേ’യെന്ന്, സ്വപ്‌നയെ അറിയാം- പി.സി ജോര്‍ജ്

SHARE THIS ON

കോട്ടയം: സ്വകാര്യ ചാനലില്‍ സരിതാ നായരും പി.സി ജോര്‍ജുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി പി.സി ജോര്‍ജ് രംഗത്തെത്തി. സരിതയെ തനിക്ക് എട്ടുകൊല്ലമായി അറിയാമെന്നും തന്നെ നശിപ്പിച്ച രാഷ്ട്രീയ നരാധമന്‍മാര്‍ക്കെതിരേ പോരാടുന്ന പെണ്‍കുട്ടിയാണ് അവരെന്നും പി.സി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സരിതയെ കൊച്ചുമകളെന്ന നിലയില്‍ ‘ചക്കരപ്പെണ്ണേ’യെന്നാണ് വിളിക്കുന്നതെന്നും താനുമായി നല്ല ബന്ധമാണെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി.null

പി.സി ജോർജും സരിതയുമായുള്ള ഫോണ്‍ സംഭാഷണത്തിനിടെ സ്വപ്‌ന സുരേഷിനെ കുറിച്ച് നടത്തിയ പരാമര്‍ശത്തിലും പി.സി വിശദീകരണം നല്‍കി. സ്വപ്‌ന തന്നെ തൈക്കാട് ഗസ്റ്റ് ഹൗസില്‍ ഫെബ്രുവരി മാസം കാണാന്‍ വന്നിരുന്നു. നടന്ന സംഭവങ്ങളെല്ലാം എഴുതി നല്‍കി, എഴുത്ത് വായിച്ചപ്പോള്‍ ഏറെ വിഷമം തോന്നിയെന്നും സ്വപ്‌നയുടെ കത്ത് പുറത്തുവിട്ടുകൊണ്ട് പി.സി ജോര്‍ജ് പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ ഒന്നാംപ്രതിയാകേണ്ടത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് കറന്‍സി കടത്തിയതും അതേ ബാഗില്‍ തിരിച്ചുവരുമ്പോള്‍ സ്വര്‍ണം കടത്തിയതും. 30 കിലോ സ്വര്‍ണമാണ് പിടിച്ചത്. എന്നിട്ട് പ്രതിയായത് ശിവശങ്കറും സരിത്തുമെല്ലാമാണ്. മുഖ്യന്ത്രിയാണ് പ്രതിയാകേണ്ടതെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി.

സ്വപ്‌ന സുരേഷ് ഒപ്പിട്ടിരിക്കുന്ന മൂന്ന് പേജ് കത്താണ് പി.സി ജോര്‍ജ് വാര്‍ത്താ സമ്മളനത്തില്‍ പുറത്തുവിട്ടത്. സ്വപ്‌നയുമായുള്ള ബന്ധം സരിതയുടെ ഫോണ്‍സംഭാഷണത്തിനിടെ പുറത്തുവന്നതിന് പിന്നാലെ ഇത് നിഷേധിച്ച് കൊണ്ട് ബുധനാഴ്ച സ്വപ്‌ന രംഗത്തുവന്നിരുന്നു. കത്ത് നല്‍കിയിട്ടുണ്ടെങ്കില്‍ അത് പുറത്തുവിടാനും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പി.സി ജോര്‍ജിന്റെ വാര്‍ത്താസമ്മേളനം.

പി.സി ജോര്‍ജും സരിതയും സ്വപ്‌നയുമായുള്ള ബന്ധം പുറത്തുവന്നതോടെ മുഖ്യമന്ത്രിക്കെതിരേയുള്ള സ്വര്‍ണക്കടത്ത് ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി ഇടതുപക്ഷവും രംഗത്തുവന്നിരുന്നു. പിന്നില്‍ പി.സി ജോര്‍ജും ആര്‍.എസ്.എസുമാണെന്നായിരുന്നു എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!