സുരക്ഷ വേണമെന്ന സ്വപ്ന സുരേഷിന്‍റെ ഹര്‍ജി; എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ പരിഗണിക്കും

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ പുതിയ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷ വേണമെന്ന സ്വപ്ന സുരേഷിന്‍റെ കോടതി നാളെ പരിഗണിക്കും. ഹര്‍ജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുക. സുരക്ഷ ആവശ്യപ്പെട്ട് തിങ്കളാഴ്ചയാണ് സ്വപ്ന അപേക്ഷ നല്‍കിയത്. തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും വധിക്കപ്പെടുമെന്ന് ഭയമുള്ളതിനാല്‍ സുരക്ഷ വേണമെന്നുമാണ് സ്വപ്ന സുരേഷിന്‍റെ ആവശ്യം.
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണകേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്തിമ കുറ്റപത്രം നല്‍കാനിരിക്കെയാണ് സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്‍റെ പുതിയ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ, എം ശിവശങ്കര്‍, കെ ടി ജലീല്‍ അടക്കമുള്ളവര്‍ക്ക് വിദേശത്തേക്ക് കറന്‍സി കടത്തിയതില്‍ പങ്ക് വെളിപ്പെടുത്തിയാണ് സ്വപ്നയുടെ മൊഴി.
മുഖ്യമന്ത്രി പിണറായി വിജയന്‍ 2016-ല്‍ നടത്തിയ വിദേശ സന്ദര്‍ശനത്തിനിടെ കറന്‍സി കടത്തിയെന്നാണ് സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തല്‍. ഗുരുതരമായ ആരോപണമാണ് മുഖ്യമന്ത്രിക്കും ഭാര്യ കമലയ്ക്കും മകള്‍ വീണയ്ക്കും, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനും എതിരെ സ്വപ്ന സുരേഷ് ഉന്നയിക്കുന്നത്. കള്ളപ്പണക്കേസില്‍ രഹസ്യമൊഴി നല്‍കിയ ശേഷമായിരുന്നു സ്വപ്നയുടെ മാധ്യമങ്ങളോടുള്ള വെളിപ്പെടുത്തല്‍.
‘ദിസിസ് എ ഡേര്‍ട്ടി ഗെയിം, ശിവശങ്കറിനെ ഇങ്ങനെ കൊണ്ടുപോകുമോ?’, പൊട്ടിത്തെറിച്ച് സ്വപ്ന
മുഖ്യമന്ത്രി കറന്‍സി കടത്തിയെന്ന് സ്വപ്ന
”എം ശിവശങ്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ, സെക്രട്ടറി സി എം രവീന്ദ്രന്‍, നളിനി നെറ്റോ ഐഎഎസ്, അന്നത്തെ മന്ത്രി കെ ടി ജലീല്‍ – കേസില്‍ ഇങ്ങനെയുള്ള എല്ലാവരുടെയും എന്താണോ ഇന്‍വോള്‍വ്മെന്‍റ്, ഇത് എന്‍റെ രഹസ്യമൊഴിയില്‍ വിശദമായി പറഞ്ഞിട്ടുണ്ട്”, എന്ന് സ്വപ്ന സുരേഷ് പറയുന്നു. തനിക്ക് വധഭീഷണിയുണ്ട് എന്നും സ്വപ്ന സുരേഷ് പറയുന്നു.
‘ജനം നെഞ്ച് തൊട്ട് പറഞ്ഞു, ഇത് ഞങ്ങടെ സര്‍ക്കാര്‍’, പരോക്ഷ മറുപടിയുമായി പിണറായി
രഹസ്യമൊഴി അന്വേഷണത്തിന്‍റെ നിര്‍ണായകഭാഗമായതിനാല്‍ എല്ലാക്കാര്യങ്ങളും വെളിപ്പെടുത്താനാകില്ലെന്നും, തനിക്ക് പറയാനാകുന്ന കാര്യങ്ങള്‍ പറയാം എന്നും പറഞ്ഞാണ് സ്വപ്ന സുരേഷ് മാധ്യമങ്ങളോട് സംസാരിച്ചത്. സ്വപ്ന പറയുന്നതിങ്ങനെ: ”2016-ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായില്‍ പോകുന്ന സമയത്താണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ ആദ്യമായി എന്നെ ബന്ധപ്പെടുന്നത്. അന്ന് ഞാന്‍ കോണ്‍സുല്‍ ജനറലിന്‍റെ സെക്രട്ടറിയായിരിക്കുന്ന കാലത്തായിരുന്നു ഇത്. ചീഫ് മിനിസ്റ്റര്‍ ഒരു ബാഗ് മറന്ന് പോയി. ആ ബാഗ് എത്രയും പെട്ടെന്ന് ദുബായിലെത്തിച്ച് തരണം എന്നാണ് ശിവശങ്കര്‍ ആവശ്യപ്പെട്ടത്. അത് നിര്‍ബന്ധമായി എത്തിക്കണമെന്നും പറഞ്ഞു. അന്ന് കോണ്‍സുലേറ്റിലെ ഒരു ഡിപ്ലോമാറ്റിന്‍റെ കയ്യിലാണ് ഈ ബാഗ് കൊടുത്തുവിടുന്നത്. ആ ബാഗ് കോണ്‍സുലേറ്റ് ഓഫീസില്‍ കൊണ്ടുവന്നപ്പോള്‍ നമ്മള്‍ മനസ്സിലാക്കിയത് അത് കറന്‍സിയായിരുന്നു എന്നാണ്. അങ്ങനെയാണ് ഇതെല്ലാം തുടങ്ങുന്നത്. ബാക്കിയുള്ള കാര്യങ്ങളൊന്നും എനിക്കിപ്പോള്‍ പറയാന്‍ പറ്റുന്നതല്ല. അതിനൊപ്പം തന്നെ വളരെ സര്‍പ്രൈസിംഗായിട്ട് ബിരിയാണി പാത്രങ്ങളും കോണ്‍സുലേറ്റില്‍ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. വലിയ വെയ്റ്റുള്ള പാത്രങ്ങളാണ് ഇതിലുണ്ടായിരുന്നത്. പാത്രം മാത്രമല്ല, മറ്റെന്തൊക്കെയോ ലോഹവസ്തുക്കള്‍ ഉണ്ടായിരുന്നതായിട്ടാണ് സൂചന. ഇങ്ങനെ നിരവധി തവണ കോണ്‍സുലേറ്റില്‍ നിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. ഇങ്ങനെ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്”, എന്ന് സ്വപ്ന.
ഇത് മുഖ്യമന്ത്രിക്കറിയാമായിരുന്നോ എന്ന ചോദ്യത്തിന്, ക്ലിഫ് ഹൗസില്‍ കൊണ്ടുപോകുമ്ബോള്‍ കോമണ്‍ സെന്‍സനുസരിച്ച് ഇത് സിഎമ്മിനറിയാമല്ലോ എന്ന് സ്വപ്ന. ഇതല്ലാതെ പല വിവരങ്ങളും വിശദമായി ഞാന്‍ രഹസ്യമൊഴിയില്‍ നല്‍കിയിട്ടുണ്ടെന്നും സമയം വരുമ്ബോള്‍ എല്ലാ കാര്യങ്ങളും വെളിപ്പെടുത്താമെന്നുമായിരുന്നു സ്വപ്നയുടെ തുറന്ന് പറച്ചില്‍. എറണാകുളം ജില്ലാ കോടതിയില്‍ എത്തിയാണ് സ്വപ്ന മൊഴി നല്‍കിയത്. ഇഡിക്കെതിരെ സംസാരിക്കാന്‍ സംസ്ഥാന പൊലീസ് നിര്‍ബന്ധിച്ചു എന്നടക്കം വെളിപ്പെടുത്തലില്‍ സ്വപ്ന മൊഴി നല്‍കിയതായാണ് വിവരം.

