KSDLIVENEWS

Real news for everyone

സ്വപ്ന സുരേഷിനെതിരായ വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ ഉടന്‍ കുറ്റപത്രം നല്‍കും

SHARE THIS ON

തിരുവനന്തപുരം: സ്വപ്ന സുരേഷിനെതിരായ വ്യാജ രേഖ കേസില്‍ അടിയന്തിരമായി കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസ് നീക്കം

സ്പെയ്സ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കി എന്ന കേസിലാണ് നടപടി. ഇഴഞ്ഞുനീങ്ങിയ അന്വേഷണത്തിലെ അടിയന്തിര നടപടി സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പെട്ടെന്ന് വേഗത്തിലായത്. ഇന്നലെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ വിജിലന്‍സ് തീര്‍ത്തും അപ്രതീക്ഷിതമായി സ്വപ്നയുടെ ഫ്ലാറ്റിലെത്തി ബലം പ്രയോഗിച്ച്‌ കസ്റ്റഡിയിലെടുത്തത് വിവാദമായിരുന്നു.

മുംബൈയിലെ ബാബാ സാഹിബ് അംബേദ്കക്കര്‍ സര്‍വ്വകലാശായില്‍ നിന്നും ബികോം ബിരുദം നേടിയെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് സ്വപ്ന സുരേഷ് സ്പെയ്സ് പാര്‍ക്കില്‍ നിയമനം നേടിയത്. സ്പെയ്സ് പാര്‍ക്കിന്‍റെ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറാണ് സ്വപ്നയെ തെരഞ്ഞെടുത്തത്. വിഷന്‍ ടെക് എന്നീ സ്ഥാപനമാണ് സ്വപ്നയെ അഭിമുഖം നടത്തി ശുപാര്‍ശ ചെയ്തിരുന്നത്.

വ്യാജ രേഖ ചമച്ച്‌ ജോലി നേടിയ സ്വപ്ന സുരേഷ് 16 ലക്ഷം രൂപ ജോലി ചെയ്ത കാലയളവിലാകെ ശമ്ബളമായി വാങ്ങി. സ്വര്‍ണ കടത്തിന് പിന്നാലെയാണ് സ്വപ്നയുടെ അനധികൃത നിയമനവും വ്യാജ രേഖയുമെല്ലാം പുറത്തുവരുന്നത്. കേസെടുത്തുവെങ്കിലും രണ്ടു വ‍ര്‍ഷമായി അന്വേഷണമെങ്ങുമെത്തിയിട്ടില്ല.

സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലോടെയാണ് കേസിന് വീണ്ടും ജീവന്‍ വയ്ക്കുന്നത്. പ‍ഞ്ചാബ് സ്വദേശിയായ സച്ചിന്‍ദാസാണ് സ്വപ്നക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. പഞ്ചാബിലേക്ക് അന്വേഷണ സംഘം ഉടന്‍ പോകും. അതിന് പിന്നാലെ കുറ്റപത്രം നല്‍കാനാണ് നീക്കം.

അതേ സമയം തന്‍റെ നിയമനത്തിന് പിന്നില്‍ ശിവശങ്കറായിരുന്നുവെന്നും വിദ്യാഭ്യാസ യോഗ്യതയുള്‍പ്പെടെ ഉള്ള കാര്യങ്ങള്‍ അറിയാമായിരുന്നുവെന്നും സ്വപ്ന നേരത്തെ വെളിപ്പടുത്തിയിരുന്നു. എന്നാല്‍ അന്വേഷണം ഇതുവരെ ശിവശങ്കറിലേക്ക് നീങ്ങിയിട്ടില്ല. സ്വപ്ന സുരേഷിനെയും, പ്രൈസ് വാ‍ട്ടര്‍ ഹൗസ് കൂപ്പറിനെയും, വിഷന്‍ ടെക്കിനെയും ഇവിടുത്തെ ഉദ്യോഗസ്ഥരെയും മാത്രമാണ് ഇപ്പോഴും പ്രതി ചേര്‍ത്തിട്ടുള്ളത്. സ്വപ്നയുടെ നിയമനത്തില്‍ ഇടപെട്ടതിന്‍റെ പേരിലായിരുന്നു ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തത്.

സ്വപ്നക്ക് അനുവദിച്ച ശമ്ബളത്തിന്‍റെ തുക പിഡബ്ള്യുസി തിരിച്ചു നല്‍കിയില്ലെങ്കില്‍ ശിവശങ്കര്‍ അടക്കമുള്ളവരില്‍ നിന്നും തിരിച്ചുപിടിക്കണമെന്ന് ധനകാര്യപരിശോധനാ വിഭാഗം ശുപാര്‍ശ ചെയ്തിരുന്നു. കെഎസ്‌ഐടിഎല്‍ കത്ത് നല്‍കിയെങ്കിലും പിഡബ്ള്യുസി അനുകൂലമായി പ്രതികരിച്ചില്ല. ഖജനാവില്‍ നിന്നും പോയ തുക തിരിച്ച്‌ പിടിക്കാനുള്ള നടപടി എങ്ങുമെത്തിയിട്ടില്ല. അതിനിടെയാണ് സ്വപ്നക്കെതിരെ മാത്രമുള്ള നടപടി വേഗത്തിലാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!