KSDLIVENEWS

Real news for everyone

പുതിയ നിയമങ്ങൾ കർഷകരെ അടിമത്വത്തിലേക്ക് നയിക്കും – രാഹുൽ ഗാന്ധി

SHARE THIS ON

ന്യൂഡൽഹി: പുതിയ കർഷകനിയമങ്ങൾ കർഷകരെ അടിമത്തത്തിലേക്ക് നയിക്കുമെന്ന് രാഹുൽ ഗാന്ധി. വിവിധ കർഷകസംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനെ അനുകൂലിച്ച് ഷെയർ ചെയ്ത ട്വീറ്റിലൂടെയാണ് പുതിയ കർഷകബില്ലുകൾക്കെതിരെ രാഹുൽ വീണ്ടും ശക്തമായി പ്രതികരിച്ചത്. കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ജിഎസ്ടിയെ ബില്ലുകളുമായി രാഹുൽ താരതമ്യപ്പെടുത്തുകയും ചെയ്തു.

”അപര്യാപ്തമായ ജിഎസ്ടി രാജ്യത്തെ ചെറുകിട, ഇടത്തര വ്യാവസായിക സംരംഭങ്ങളെ പാടേ തകർത്തു. ഇപ്പോൾ അവതരിപ്പിച്ച കർഷകനിയമങ്ങൾ നമ്മുടെ കർഷകരെ അടിമകളാക്കും”. രാഹുൽ ട്വീറ്റിൽ പറഞ്ഞു. ഭാരത് ബന്ദിനെ അനുകൂലിക്കുന്നതായും അദ്ദേഹം ഹാഷ്ടാഗിലൂടെ അറിയിച്ചു.

ജനാധിപത്യവ്യവസ്ഥിതിയ്ക്കെതിരും ഭരണഘടനാവിരുദ്ധവുമായ കരിനിയമങ്ങൾക്കെതിരെ കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് പാർട്ടി വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. ബില്ലുകൾ ഭരണഘടനാവിരുദ്ധമാണെന്ന അഭിപ്രായത്തെ അനുകൂലിക്കുന്ന 18 പ്രതിപക്ഷപാർട്ടികളും ബില്ലുകളിൽ ഒപ്പു വെക്കരുതെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെട്ടതായി കോൺഗ്രസ് വക്താവ് അഭിഷേക് സിങ്വി അറിയിച്ചു.

പുതിയ കർഷകബില്ലുകൾക്കെതിരെ പഞ്ചാബ്, ഹരിയാണ, ഉത്തർപ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ കർഷകസംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് വെള്ളിയാഴ്ച തുടരുകയാണ്. പഞ്ചാബിൽ കർഷകർ മൂന്ന് ദിവസത്തെ റെയിൽഗതാഗതം സ്തംഭിപ്പിക്കൽ ഇന്നലെ ആരംഭിച്ചു. ബില്ലുകൾക്കെതിരെ ശക്തമായ രാജ്യവ്യാപകപ്രതിഷേധം തടരുകയാണ്. കുത്തകവ്യാപാരികളുടെ ദയവിനായി കർഷകർ കാത്തിരിക്കേണ്ടി വരുമെന്നും കാർഷികോത്പന്നങ്ങളുടെ താങ്ങുവില സമ്പ്രദായം അവസാനിക്കുമെന്നുമുള്ള ആശങ്കയിലാണ് രാജ്യത്തെ കർഷകർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!