നൂപുര്‍ ശര്‍മ കാണാമറയത്ത്; മുംബൈ പൊലീസ് ദില്ലിയില്‍, ഒളിവിലാണെന്ന് വിശദീകരണം

ദില്ലി: പ്രവാചകന് മുഹമ്മദ് നബിയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ നൂപുര്‍ ശര്‍മ്മയെ കണ്ടെത്താനായില്ലെന്ന് മുംബൈ പൊലീസ്. മഹാരാഷ്ട്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ നാല് ദിവസമായി മുംബൈ പൊലീസ് നൂപുര്‍ ശര്‍മ്മക്കായി ദില്ലിയില്‍ തിരച്ചില്‍ നടത്തുകയാണെന്ന് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. പ്രവാചക നിന്ദാക്കേസില് മുംബൈ പൈധോണി പൊലീസ് സ്റ്റേഷന് നൂപൂര്‍ ശര്‍മ്മയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. റാസ അക്കാദമിയുടെ ജോയിന്റ് സെക്രട്ടറി ഇര്ഫാന് ഷെയ്ഖിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മുംബൈ പൊലീസ് കേസെടുത്തത്. കൊല്‍ക്കത്ത, ദില്ലി പൊലീസും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
നൂപുര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യാന്‍ മതിയായ തെളിവുകളുണ്ടെന്ന് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പിലെ വൃത്തങ്ങള്‍ അറിയിച്ചു. മുഹമ്മദ് നബിയെ കുറിച്ച് നടത്തിയ പരാമര്‍ശത്തിന് നൂപുര്‍ ശര്‍മ്മക്കെതിരെ മുംബൈ പൊലീസ് ഒഴികെ താനെ പോലീസ് കമ്മീഷണറേറ്റിലും കേസുകളുണ്ട്. നൂപൂര്‍ ശര്‍മ്മയെ ചോദ്യം ചെയ്യാന്‍ പൊലീസ് സമന്‍സ് അയച്ചിരുന്നു. സമന്‍സിന് മറുപടിയായി കൂടുതല്‍ സമയം അവര്‍ തേടി. ജൂണ്‍ 20 ന് മൊഴി രേഖപ്പെടുത്താന്‍ കൊല്‍ക്കത്ത പൊലീസും നോട്ടീസ് നല്കി.
നൂപുര്‍ ശര്‍മ്മയെ വിടാതെ പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസയച്ച് കൊല്‍ക്കത്ത പൊലീസും
കഴിഞ്ഞ മാസമാണ് വിവാദത്തിന് കാരണമായ പരാമര്‍ശമുണ്ടായത്. ടിവി ചര്‍ച്ചക്കിടെ നൂപുര്‍ ശര്‍മ പ്രവാചകന് മുഹമ്മദ് നബിയെ അധിക്ഷേപിക്കുകയായിരുന്നുവെന്ന ആരോപണമുയര്‍ന്നു. ഗള്‍ഫ് രാജ്യങ്ങളിലടക്കം പ്രതിഷേധമുണ്ടായതോടെ നൂപുര്‍ ശര്‍മയെ വക്താവ് സ്ഥാനത്തുനിന്ന് നീക്കുകയും ബിജെപിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. മറ്റൊരു നേതാവ് നവീന്‍ ജിന്‍ഡാലിനെതിരെയും ബിജെപി പുറത്താക്കി. പരാമര്‍ശത്തിന്റെ പേരില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധമുണ്ടായിരുന്നു.

