മംഗളൂരുവില്‍ ബിസിനസുകാരൻ വെടിയേറ്റ് മരിച്ചു; പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതം

മംഗളൂരു: സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മംഗളൂരുവില്‍ ബിസിനസുകാരൻ വെടിയേറ്റ് മരിച്ചു.
ബർകൂർ കച്ചൂർ സ്വദേശി ഇവാൻ റിച്ചാർഡ് മസ്കരൻഹാസ് (45) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു കൊലപാതകം.
സംഭവത്തില്‍ പ്രതിയായ ഡെറക്കിനായി കുന്താപുരം പൊലിസ് അന്വേഷണം ശക്തമാക്കി. പ്രതിയെ പിടികൂടാൻ പ്രത്യേകമായി മൂന്ന് അന്വേഷണ സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. കൃത്യത്തിന് ശേഷം ഒളിവില്‍ പോയ പ്രതിക്കായി പൊലിസ് തെരച്ചില്‍ തുടരുകയാണ്.
വ്യാഴാഴ്ച രാത്രി 11:45-ഓടെയാണ് കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങളുടെ തുടക്കം. ചെമ്മീൻ വിതരണ ബിസിനസുമായി ബന്ധപ്പെട്ട കുടിശ്ശിക തുകയുടെ പേരില്‍ ഡെറക് ഇവാനെ ഫോണില്‍ വിളിക്കുകയായിരുന്നു. കുടിശ്ശിക തുക തിരിച്ചുപിടിക്കാൻ സഹായിക്കാമെന്ന് ഡെറക് ആദ്യം പറഞ്ഞെങ്കിലും, സംഭാഷണം പിന്നീട് കടുത്ത തർക്കമായി മാറി.
തുടർന്ന് കുന്താപുരത്തേക്ക് ഒറ്റയ്ക്ക് വരാൻ ഡെറക് ആവശ്യപ്പെട്ടു. തർക്കത്തിനൊടുവില്‍ വെള്ളിയാഴ്ച പുലർച്ചെ 1:30-ഓടെ കുന്താപുരം ചർച്ച് റോഡിലെ ഹോളി റോസറി പള്ളിക്ക് എതിർവശത്തുള്ള റോഡില്‍ ഇവാൻ തന്റെ കാർ നിർത്തി കാത്തിരുന്നു.
പുലർച്ചെ 3:15-ഓടെ മഹീന്ദ്ര ഥാർ എസ്യുവിയിലെത്തിയ ഡെറക്, ഇവാന്റെ വാഹനത്തിന് മുന്നില്‍ വണ്ടി തടഞ്ഞിട്ടു. ഇവാൻ കാറില്‍ നിന്ന് പുറത്തിറങ്ങിയ ഉടൻ ഡെറക് കൈത്തോക്ക് ഉപയോഗിച്ച് അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. കൃത്യം നടത്തിയ ശേഷം ഇതേ വാഹനത്തില്‍ തന്നെ പ്രതി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു.
അരയ്ക്കും കാലിനും ഗുരുതരമായി പരുക്കേറ്റ ഇവാൻ റോഡില്‍ കുഴഞ്ഞുവീണു. അമിതമായ രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിലെത്തിക്കും മുൻപ് തന്നെ ഇവാൻ മരണത്തിന് കീഴടങ്ങി.
ബിസിനസ് രംഗത്തെ പ്രശ്നങ്ങളും മുൻകാല സാമ്പത്തിക ഇടപാടുകളുമാണ് കൊലപാതകത്തിന് കാരെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഒളിവിലുള്ള പ്രതിയെ ഉടൻ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

