രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം, അറുപത് ശതമാനം രോഗികളും കേരളത്തിലും മഹാരാഷ്ട്രയിലും; കേന്ദ്ര ആരോഗ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് യോഗം ചേരും

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേരും. പ്രതിവാര കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചത്. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് അറുപത് ശതമാനം രോഗികളും.
രാജ്യത്ത് ഇന്നലെ 12, 249 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 13 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.94 ശതമാനമായി ഉയര്‍ന്നു. പ്രധാന നഗരങ്ങളിലെല്ലാം രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. മുംബയില്‍ ഇന്നലെ 1648 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ബംഗളൂരുവില്‍ 676 പേര്‍ക്കും, ചെന്നൈയില്‍ 345 പേര്‍ക്കുമാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഡല്‍ഹി, തമിഴ്നാട്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവടങ്ങളിലും രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഡല്‍ഹിയില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ 928 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കേരളത്തില്‍ ഇന്നലെ 3886 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നാല് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

