നിലപാട് വ്യക്തമാക്കാതെ സിപിഎം കേന്ദ്ര നേതൃത്വം; തീരുമാനം കേരള നേതൃത്വം എടുക്കുമെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: ഭരണഘടനാ ലംഘന പരാമര്‍ശം നടത്തിയതിന്റെ പേരില്‍ രാജിവെക്കില്ലെന്ന് മന്ത്രി സജി ചെറിയാന്‍ പറയുമ്പോഴും നിലപാട് വ്യക്തമാക്കാതെ സി.പി.എം കേന്ദ്ര നേതൃത്വം. വിവാദത്തില്‍ രാജിവെക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കേരള നേതാക്കള്‍ യോഗംചേര്‍ന്ന് തീരുമാനമെടുക്കുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
ഉചിതമായ തീരുമാനമെടുക്കും, വിഷയം ചര്‍ച്ചചെയ്യുകയാണെന്നും നേതാക്കളുമായി സംസാരിച്ചിട്ടുണ്ടെന്നും യെച്ചൂരി വ്യക്തമാക്കി. സജിചെറിയാന്‍ വിവാദ പരാമര്‍ശം നടത്തിയത് ദേശീയ തലത്തില്‍ തന്നെ ഇന്നലെ വലിയ ചര്‍ച്ചയായതോടെ പാര്‍ട്ടി പ്രതിസന്ധിയിലായിരുന്നു. കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളും ദേശീയ മാധ്യമങ്ങളും മറ്റ് സംഘടനകളും വിഷയം ഏറ്റെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സജി ചെറിയാനെതിരേ നടപടിയുണ്ടാവുമെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചിരിക്കുന്നത്.
ബുധനാഴ്ച ചേര്‍ന്ന അവെയ്‌ലബിള്‍ സെക്രട്ടേറിയറ്റിന് ശേഷം രാജിയില്ലെന്നും വിഷയം ഇന്നലെ തന്നെ അവസാനിച്ചുവെന്നും സജിചെറിയാന്‍ വ്യക്തമാക്കിയിരുന്നുവെങ്കിലും കേന്ദ്ര നേതൃത്വം നടപടിക്കായി കേരള നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നാണ് സൂചന. നാളെയാണ് സി.പി.എം സമ്പൂര്‍ണ സെക്രട്ടേറിയറ്റ് യോഗം ചേരുന്നത്. ഇതില്‍ നടപടിയുണ്ടാകുമെന്നാണ് കരുതുന്നത്.

