ജനപ്രിയ പൊലീസ് ഉദ്യോഗസ്ഥന്’ പൂട്ടിട്ട് സിബിഐ: ഫോൺ ചോർത്തൽ കേസിൽ എഫ്ഐആർ

ന്യൂഡൽഹി ∙ നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ) മുൻ മാനേജിങ് ഡയറക്ടറും മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ചിത്ര രാമകൃഷ്ണ, മുൻ ഓപ്പറേറ്റിങ് ഓഫിസർ രവി നാരായണൻ, മുംബൈ മുൻ പൊലീസ് കമ്മിഷണർ സഞ്ജയ് പാണ്ഡെ എന്നിവർക്കെതിരെ സിബിഐ പുതിയ കേസ് റജിസ്റ്റർ ചെയ്തു. 2009 നും 2017 നും ഇടയിൽ നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ച് ജീവനക്കാരുടെ ഫോൺ കോളുകൾ ടാപ്പ് ചെയ്തെന്ന പരാതിയിലാണ് നടപടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് പുതിയ കേസ്. മൂന്നു പ്രതികളും 2009 മുതൽ 2017 വരെ എൻഎസ്ഇ ജീവനക്കാരുടെ ഫോൺകോളുകൾ അനധികൃതമായി ടാപ്പ് ചെയ്തുവെന്ന് എഫ്ഐആറിൽ പറയുന്നു. നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നതിനു ചിത്ര രാമകൃഷ്ണയും രവി നാരായണനും സഞ്ജയ് പാണ്ഡെയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തെ സമീപിക്കുകയായിരുന്നുവെന്നു സിബിഐ പറയുന്നു. 5 സംസ്ഥാനങ്ങളിലായി സഞ്ജയ് പാണ്ഡെയുടെ ഉടമസ്ഥതയിലുള്ള 18 ഓളം സ്ഥലങ്ങളിൽ സിബിഐ റെയ്ഡ് തുടരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

