സ്ഥാനമാനങ്ങള്‍ വീതംവെച്ച് പാര്‍ട്ടിയെ ഐസിയുവിലേക്ക് തിരിച്ചയക്കാന്‍ ശ്രമം നടക്കുന്നു: കെ. മുരളീധരന്‍

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയില്‍ അതൃപ്തി പരസ്യമാക്കി കെ. മുരളീധരന്‍ എം.പി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിലൂടെ ഐസിയുവില്‍നിന്ന് പുറത്തുകൊണ്ടുവന്ന പാര്‍ട്ടിയെ സ്ഥാനമാനങ്ങള്‍ വീതംവെച്ച് ഐസിയുവിലേക്ക് തിരികെ അയക്കാനുള്ള ശ്രമങ്ങളാണ് ചില ഭാഗത്തുനിന്ന് കാണുന്നതെന്നും അതില്‍ അതിയായ ദുഃഖമുണ്ടെന്നും മുരളീധരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കഴിഞ്ഞ നിയമസഭ,ലോക്കല്‍ ബോഡി തെരഞ്ഞെടുപ്പുകളിലെ പരാജയത്തില്‍ ഐ.സി.യുവില്‍ ആയ പ്രസ്ഥാനത്തെ പൂര്‍ണ്ണ ആരോഗ്യത്തോടെ തൃക്കാക്കരയില്‍ നമ്മള്‍ തിരികെ കൊണ്ടുവന്നിരുന്നു.
ഐക്യതയോടെയുള്ള കൂട്ടായ പ്രവര്‍ത്തനത്തിന്റെ വലിയ വിജയമായിരുന്നു അത്.എന്നാല്‍ സ്ഥാനമാനങ്ങള്‍ വീതംവെച്ച് അതിനെ ഐ.സി.യുവിലേക്ക് തിരികെ അയക്കാനുള്ള ശ്രമങ്ങള്‍ ചില ഭാഗത്തുനിന്നും കാണുന്നതില്‍ അതിയായ ദുഃഖമുണ്ട്.
കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍, മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ യോഗം ചേര്‍ന്നാണ് പട്ടിക സംബന്ധിച്ച് ധാരണയിലെത്തിയത്. 280 അംഗപട്ടികയില്‍ 46 പേരെ മാറ്റിക്കൊണ്ടുള്ള പട്ടിക നേരത്തെ സമര്‍പ്പിച്ചെങ്കിലും യുവ, വനിതാ പ്രാതിനിധ്യം കൂട്ടാന്‍ ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡ് പട്ടിക തിരിച്ചയക്കുകയായിരുന്നു.

