പകർച്ചവ്യാധി ആശങ്കയില്‍ സംസ്ഥാനം; സർക്കാരാശുപത്രിയിൽ അവശ്യമരുന്നുകളില്ല

തിരുവനന്തപുരം: പനി, ഉദരസംബന്ധമായ പ്രശ്നങ്ങൾതുടങ്ങി ജീവിതശൈലീ രോഗങ്ങൾക്കും അർബുദത്തിനുമുള്ള മരുന്നുകൾവരെ സർക്കാർ ആശുപത്രികളിൽ കിട്ടാനില്ല. മെഡിക്കൽ കോളേജുകളിലും പ്രാഥമികാരോഗ്യകന്ദ്രങ്ങളിലും ഉൾപ്പെടെ മരുന്നുക്ഷാമമുണ്ട്.
പനിബാധിതർക്ക് നല്കുന്ന പാരസെറ്റാമോൾ, ജീവിതശൈലീ രോഗങ്ങൾക്ക് പ്രമേഹത്തിന് ഇൻസുലിൻ ഉൾപ്പടെയുള്ള മരുന്നുകളും പല പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലുമില്ല. അത്യാഹിത വിഭാഗങ്ങളിൽ ആവശ്യമായ അഡ്രിനാലിൻപോലും രോഗികളുടെ ബന്ധുക്കൾ പുറത്തുനിന്നുവാങ്ങി നല്‍കുകയാണ്. സംസ്ഥാന മെഡിക്കൽ സർവീസസ് കോർപ്പറേഷനാണ് സർക്കാർ ആശുപത്രികൾക്കും മെഡിക്കൽ കോളേജുകൾക്കുമാവശ്യമായ മരുന്ന് വാങ്ങി നല്‍കുന്നത്. എഴുന്നൂറിലധികം മരുന്നുകൾ ഇതിൽപ്പെടും. സാമ്പത്തികവർഷം അവസാനിച്ചാലും അഞ്ചുമാസംകൂടി വിതരണം ചെയ്യാനുള്ള മരുന്ന് കണക്കാക്കി വാങ്ങുകയാണ് പതിവ്.
എന്നാൽ ഇത്തവണ ഈ കണക്കുകൂട്ടൽ പിഴച്ചു. കോവിഡ് സാഹചര്യം അവസാനിച്ചതോടെ ആശുപത്രികളിലേക്ക് എത്തുന്ന രോഗികളുടെ എണ്ണം ഉയർന്നു. സ്റ്റോക്ക് തികഞ്ഞില്ല. കാരുണ്യ പദ്ധതിയിൽനിന്നുള്ള 69 കോടി രൂപ ഉപയോഗിച്ച് ആശുപത്രികൾതന്നെ മരുന്നുവാങ്ങാൻ നിർദ്ദേശിച്ച് സർക്കാർ മാറിനിന്നു. ടെൻഡർ നടപടികൾ പൂർത്തിയാക്കി ഏപ്രിൽ മാസത്തോടെ കമ്പനികൾ മരുന്ന് എത്തിക്കുകയായിരുന്നു പതിവ്.

