യുഎസ് പ്രസിഡണ്ട് ഇന്ന് വൈകുന്നേരമെത്തും; സൗദിയെ പാഠം പഠിപ്പിക്കുമെന്ന് പ്രഖ്യാപിച്ച ബൈഡന് എത്തുമ്പോള്‍ കൗതുകത്തോടെ ലോകം

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി യുഎസ് പ്രസിഡണ്ട് ജോ ബൈഡന് ഇന്ന് സൗദിയിലെത്തും. ഇന്ത്യന്‍ സമയം രാത്രി എട്ടരക്കാണ് ബൈഡന് ഇസ്രയേലില്‍ നിന്നും നേരിട്ട് സൗദിയിലെത്തുക.
സൗദി രാജാവുമായും കിരീടാവകാശിയുമായും അദ്ദേഹം ഇന്ന് ചര്‍ച്ച നടത്തും. ആഗോള എണ്ണവില, യമന്‍ ഇറാന് വിഷയങ്ങള്‍, യുക്രൈന് പ്രതിസന്ധി, ഇസ്രയേല്‍ -ഫലസ്തീന് വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.
ആദ്യമായി സൗദിയിലെത്തുകയാണ് യുഎസ് പ്രസിഡണ്ട് ജോ ബൈഡന്. അധികാരത്തിലെത്തിയ ശേഷം സൗദിക്ക് ഭ്രഷ്ടുണ്ടാകുമെന്ന് പ്രഖ്യാപിച്ച യുഎസ് പ്രസിഡണ്ടിന്റെ സൗദി സന്ദര്‍ശനം ഗൗരവത്തോടെയാണ് ലോക മാധ്യമങ്ങള്‍ കാണുന്നത്. ഇന്ന് വൈകുന്നേരം സൗദി സമയം അഞ്ചരക്ക് തെല്‍അവീവില്‍ നിന്നും ജിദ്ദയിലേക്ക് നേരിട്ടാണ് വിമാനമെത്തുക. വൈകുന്നേരം 6.15ന് സൗദി രാജാവുമായും 6.45ന് കിരീടാവകാശിയുമായും ബൈഡന് ചര്‍ച്ച നടത്തും. ജിദ്ദയിലെ സലാം കൊട്ടാരത്തിലാണ് ചര്‍ച്ച നടക്കുക.
നാല് പ്രധാന വിഷയങ്ങള്‍ യുഎസ് പ്രസിഡണ്ടിന്റെ സന്ദര്‍ശനത്തിലുണ്ടാകും. ഒന്ന്, ആഗോള വിലയേറ്റത്തിന്റെ പശ്ചാത്തലത്തില്‍ എണ്ണ വില കുറയാന്‍ സൗദിയോട് കൂടുതല്‍ എണ്ണ വിതരണം ആവശ്യപ്പെടുക. എണ്ണവിലയുടെ ബലത്തില്‍ റഷ്യ നടത്തുന്ന യുക്രൈന് അധിനിവേശത്തെ സമ്മര്ദ്ദത്തിലാക്കലും യുഎസ് ലക്ഷ്യമാണ്. റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി പൂര്‍ണമായും നിര്‍ത്താനും യുഎസിന് കൂടുതല്‍ എണ്ണ വിതരണം സൗദിയില്‍ നിന്നും ഉറപ്പു വരുത്തണം. എന്നാല്‍ റഷ്യയുമായി മികച്ച ബന്ധമുള്ള സൗദി ഇതിനു മുതിരുമോ എന്നതാണ് ലോകം കാത്തിരിക്കുന്നത്. ക്രൂഡ് ഓയില്‍ ഉത്പാദനത്തിലെ മെഷീനുകള്‍ തണുപ്പിക്കാനുള്ള ഇന്ധനം സൗദി ഇപ്പോള്‍ ഇരട്ടിയിലേറെ വാങ്ങുന്നതും റഷ്യയില്‍ നിന്നാണ്.
രണ്ടാമത്തെ വിഷയം, ഇറാന്റെ സ്വാധീനം മേഖലയില്‍ കുറക്കാന്‍ ഇസ്രയേലുമായുള്ള അറബ് രാജ്യങ്ങളുടെ ബന്ധം ഊഷ്മളമാക്കലാണ്. ശനിയാഴ്ച നടക്കുന്ന ജിസിസി ഉച്ചകോടിയില്‍ അംഗരാഷ്ട്രങ്ങള്‍ക്ക് പുറമെ ജോര്‍ദാന്‍, ഈജ്പിത്, ഇറാഖ് എന്നീ രാജ്യങ്ങളും പങ്കെടുക്കുന്നുണ്ട്. ബൈഡന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി എല്ലാ രാജ്യങ്ങള്‍ക്കും വ്യോമ പാത തുറന്നിട്ടതായി സൗദി സിവില്‍ ഏവിയേഷന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇസ്രയേലുമായി നേരിട്ടുള്ള ബന്ധം ഫലസ്തീന് രാഷ്ട്രം പിറക്കാതെ സൗദി അനുവദിക്കുമോ എന്നതും പ്രധാനമാണ്.
മൂന്നാമത്തേത്, യമന്‍ യുദ്ധം അവസാനിപ്പിക്കലും സമ്ബൂര്‍ണ വെടിനിര്‍ത്തലുമാകും. ഇതിന് സമ്മതിച്ചാല്‍ സൗദിക്ക് കൂടുതല്‍ പ്രതിരോധ ആയുധങ്ങള്‍ കൈമാറാന്‍ യുഎസ് തയ്യാറാകും. നാലാമത്തേത്, സൗദിക്ക് ഈജിപ്ത് വിട്ടു നല്കാന് തീരുമാനിച്ച രണ്ട് ദ്വീപുകളുടെ കാര്യമാണ്. ഇതിന് ഇസ്രയേലിന്റേയും യുഎസിന്റേയും സഹായം സൗദിക്ക് വേണ്ടതുണ്ട്.
ട്രംപ് ഭരണകൂടവുമായി മികച്ച ബന്ധമായിരുന്നു സൗദിക്കുണ്ടായിരുന്നത്. ബൈഡന് ഭരണകൂടം തിരിച്ചായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ആവശ്യങ്ങള്‍ കൂടുതലും യുഎസിനാണ്. അതു കൊണ്ടു തന്നെ ചര്‍ച്ചയും കൂടിക്കാഴ്ചയും ലോക ശ്രദ്ധ നേടുകയും ചെയ്യുന്നു.

