ഓൺലൈൻ ക്ലാസ് :
അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ ആശയ വിനിമയം വേണം

തിരുവനന്തപുരം: കൊവിഡ് സാഹചര്യത്തില്‍ സ്കൂളുകളില്‍ ഓണ്‍ലൈന്‍ പഠനം കാര്യക്ഷമമാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കുമിടയില്‍ നേരിട്ടുള്ള ആശയവിനിമയം വേണമെന്ന് വ്യക്തമാക്കി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യുക്കേഷന്‍ (കൈറ്റ്) വിദ്യാഭ്യാസ വകുപ്പിന് ശുപാര്‍ശ നല്കി.
കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍സാദത്താണ് പൊതുവിദ്യാഭ്യാസ സെക്രട്ടറിയ്ക്ക് ശുപാര്‍ശ സമര്‍പ്പിച്ചത്. ഡിജിറ്റല്‍/ ഓണ്‍ലൈന്‍ പഠനത്തില്‍ കുട്ടികള്‍ നേരിടുന്ന വെല്ലുവിളികളും സംശയങ്ങളും അദ്ധ്യാപകര്‍ വഴി പരിഹരിക്കുന്നതിനായാണ് ഇത്. ആദ്യഘട്ടത്തില്‍ 10, 12 ക്ലാസിലെ ഓരോ കുട്ടിയെയും ക്ലാസ് ടീച്ചര്മാര് നിശ്ചിത ഇടവേള നല്കി സ്കൂളില്‍ നേരിട്ട് കാണണം. രണ്ടാം ഘട്ടത്തില്‍ മറ്റ് ക്ലാസുകാര്‍ക്കും ഇത്തരത്തില്‍ എത്താം.
ഫസ്റ്റ് ബെല്ലിന് പുറമെ ഓണ്‍ലൈന്‍ രീതിയിലും നേരിട്ടും അധിക പഠന സൗകര്യം ഒരുക്കാമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ പഠനത്തിനായി ഗൂഗിളിന്റെ ‘ജിസ്യൂട്ട് ഫോര്‍ എജ്യക്കേഷന്‍’ പ്ലാറ്റ്ഫോം നല്കാന് ഗൂഗിള്‍ ഇന്ത്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതുവഴി ഓരോ വിഷയം പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്കും കുട്ടികളുമായി ഓണ്‍ലൈനില്‍ സംവദിക്കാം. ഇതിനാവശ്യമായ പരിശീലനം മുഴുവന്‍ അദ്ധ്യാപകര്‍ക്കും ഓണ്‍ലൈനായി നല്‍കാം. ഓണ്‍ലൈന്‍ ക്ലാസുകള്‍ പരമാവധി രണ്ട് മണിക്കൂറായി നിജപ്പെടുത്തി സ്കൂള്‍ തലത്തില്‍ ടൈംടേബിള്‍ തയാറാക്കാം.
സ്കൂളുകളിലെത്തേണ്ടത് ബാച്ചുകളായി
ഓണ്‍ലൈന്‍ സൗകര്യമില്ലാത്ത കുട്ടികളെ വിവിധ ബാച്ചുകളായി സ്കൂളില്‍ എത്തിച്ച് സംശയനിവാരണത്തിന് അവസരമൊരുക്കാം. സ്കൂള്‍ ദൂരെയുള്ള കുട്ടികള്‍ക്ക് തൊട്ടടുത്ത പ്രൈമറി സ്കൂള്‍/ അംഗന്‍വാടി എന്നിവിടങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങള്‍, കുടുംബശ്രീ, ബി.ആര്.സി തുടങ്ങിയവയുടെ സഹായത്തോടെ സൗകര്യം ഏര്‍പ്പെടുത്താം. സെപ്തംബറിനുള്ളില്‍ പഠിപ്പിച്ചുതീരേണ്ട പാഠഭാഗങ്ങള്‍ നവംബര്‍ പകുതിയോടെ ഈ രീതിയില്‍ പൂര്‍ത്തിയാക്കാനാകും. ജനുവരിയില്‍ സ്കൂള്‍ തുറക്കുകയാണെങ്കില്‍ ഒരു മാസത്തെ അദ്ധ്യയനം മാത്രം നഷ്ടപ്പെടുന്ന രീതിയിലേക്ക് വിടവ് ചുരുക്കാനാകുമെന്നും ശുപാര്‍ശയില്‍ പറയുന്നു.

